അഹമ്മദാബാദ്: ഗുജറാത്തിലെ കച്ച് ജില്ലയില്‍ ഇന്ന് പുലര്‍ച്ചെ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഇതുസംബന്ധിച്ച് ആളപായമോ നാശനഷ്ടങ്ങളോ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയിലെ ഖാവ്ദയില്‍ നിന്ന് ഏകദേശം 55 കിലോമീറ്റര്‍ വടക്കുകിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഗാന്ധിനഗര്‍ ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സീസ്‌മോളജിക്കല്‍ റിസര്‍ച്ച് (ഐഎസ്ആര്‍) അറിയിച്ചു. പുലര്‍ച്ചെ ഉണ്ടായ ഭൂചലനം പ്രദേശവാസികളില്‍ ആശങ്കയുണ്ടാക്കിയെങ്കിലും സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഭൂകമ്പസാധ്യത ഉയര്‍ന്ന മേഖലയിലാണ് കച്ച് ജില്ല സ്ഥിതിചെയ്യുന്നത്. 2001 ജനുവരി 26നു ബച്ചൗവിനടുത്ത് ഉണ്ടായ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കഴിഞ്ഞ രണ്ടു നൂറ്റാണ്ടിനിടെ ഇന്ത്യയില്‍ ഉണ്ടായ മൂന്നാമത്തെ ശക്തമായ ഭൂകമ്പമായിരുന്നു. ആ ദുരന്തത്തില്‍ 13,800ലധികം പേര്‍ ജീവന്‍ നഷ്ടപ്പെടുകയും വന്‍തോതിലുള്ള നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു. ഇപ്പോഴത്തെ ഭൂചലനത്തെ തുടര്‍ന്ന് ജില്ലാ ഭരണകൂടം സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.