ജലാലാബാദ്: കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 250 ആയി. നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച രാത്രി 11.47 ന് കുനാര്‍ പ്രവിശ്യയിലാണ് ഭൂകമ്പം ഉണ്ടായത്. നംഗര്‍ഹാര്‍ പ്രവിശ്യയിലെ ജലാലാബാദ് നഗരത്തിന് 27 കിലോമീറ്റര്‍ വടക്കുകിഴക്കായി ഭൂകമ്പം അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. 20 മിനിറ്റിനുശേഷം അതേ പ്രവിശ്യയില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഒരു ഭൂകമ്പവും റിപോര്‍ട്ട് ചെയ്തു.
നൂര്‍ ഗുല്‍, സോക്കി, വാട്പൂര്‍, മനോഗി, ചപദാരെ ജില്ലകളിലായി കുറഞ്ഞത് 250 പേര്‍ കൊല്ലപ്പെടുകയും 500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കുനാര്‍ പ്രവിശ്യയിലെ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.'ആളുകളുടെ എണ്ണവും പരിക്കേറ്റവരുടെ എണ്ണവും വളരെ കൂടുതലാണ്, പക്ഷേ പ്രദേശത്തേക്ക് എത്താന്‍ പ്രയാസമുള്ളതിനാല്‍ ഞങ്ങളുടെ ടീമുകള്‍ ഇപ്പോഴും സ്ഥലത്തുണ്ട്,' ആരോഗ്യ മന്ത്രാലയ വക്താവ് ഷറഫത്ത് സമാന്‍ പറഞ്ഞു.പരിക്കേറ്റ നൂറുകണക്കിന് ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പ്രവിശ്യാ ഇന്‍ഫര്‍മേഷന്‍ മേധാവി നജീബുള്ള ഹനീഫ് പറഞ്ഞു.