നേപ്പാളില്‍ വീണ്ടും ഭൂചലനം

Update: 2025-10-28 05:57 GMT

കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തി. കിഴക്കന്‍ നേപ്പാളിലെ കോഷി പ്രവിശ്യയില്‍ ശംഖുവാസഭ ജില്ലയിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. കാഠ്മണ്ഡുവില്‍ നിന്ന് ഏകദേശം 225 കിലോമീറ്റര്‍ കിഴക്കായി, ടിബറ്റ് അതിര്‍ത്തിക്ക് സമീപമുള്ള കിമാതങ്ക പ്രദേശത്ത് രാവിലെ 7.32 ഓടെയായിരുന്നു ചലനം അനുഭവപ്പെട്ടതെന്ന് ദേശീയ ഭൂകമ്പ നിരീക്ഷണ ഗവേഷണ കേന്ദ്രം അറിയിച്ചു.

തപ്ലെജംഗ്, ഭോജ്പൂര്‍, സോലുഖുംബു ജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപോര്‍ട്ടുണ്ട്. ഇതുവരെ നാശനഷ്ടങ്ങളോ അപകടങ്ങളോ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഹിമാലയന്‍ ടെക്‌റ്റോണിക് മേഖലയുടെ ഭാഗമായതിനാല്‍ വര്‍ഷംതോറും നിരവധി ചെറു ഭൂകമ്പങ്ങള്‍ അനുഭവപ്പെടുന്ന ഏറ്റവും സജീവ ഭൂചലന മേഖലയാണ് നേപ്പാള്‍.

Tags: