അതിവേഗ റെയില്‍ പദ്ധതിയുമായി ഇ ശ്രീധരന്‍ മുന്നോട്ട്; പൊന്നാന്നിയില്‍ ഓഫീസ് തുറന്നു

Update: 2026-02-02 05:10 GMT

മലപ്പുറം: അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിച്ച് ഇ ശ്രീധരന്‍. പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊന്നാന്നിയില്‍ ഓഫീസ് തുറന്നു. ഇ ശ്രീധരന്റെ ഭാര്യ രാധയാണ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഇന്ന് മുതല്‍ തന്നെ പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പൊതുജനങ്ങളുടെ അഭിപ്രായങ്ങളും ആശങ്കകളും പരിഗണിച്ച ശേഷമായിരിക്കും പദ്ധതിയുമായി മുന്നോട്ട് പോവുകയെന്ന് ഇ ശ്രീധരന്‍ വ്യക്തമാക്കി. സ്‌റ്റേഷനുകളുടെ സ്ഥാനം ഉള്‍പ്പെടെ അടിസ്ഥാന കാര്യങ്ങളില്‍ ധാരണയായിട്ടുണ്ടെന്നും സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് കടുത്ത നിലപാടുകള്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ പൂര്‍ണമായി വിശ്വാസത്തിലെടുത്ത്, അവരുടെ സ്വത്ത് പരമാവധി സംരക്ഷിച്ചുകൊണ്ടായിരിക്കും പദ്ധതി നടപ്പാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരാഴ്ച്ചയ്ക്കുള്ളില്‍ വിശദമായ പ്രോജക്ട് റിപോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കുന്നതിനായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനുമായി (ഡിഎംആര്‍സി) ബന്ധപ്പെട്ട് നടപടികള്‍ ആരംഭിക്കുമെന്നും ഇ ശ്രീധരന്‍ നേരത്തെ അറിയിച്ചിരുന്നു. അതേസമയം, ഇ ശ്രീധരന്‍ മുന്നോട്ടുവയ്ക്കുന്ന അതിവേഗ റെയില്‍ പദ്ധതിയോട് സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. കേരളത്തിന് അതിവേഗ റെയിലിനേക്കാള്‍ റീജണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍ആര്‍ടിഎസ്) ആണ് അനുയോജ്യമെന്നതാണ് സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക നിലപാട്.

മുന്‍പ് ഇ ശ്രീധരന്റെ പദ്ധതിക്ക് കേന്ദ്ര ബജറ്റില്‍ അനുമതി ലഭിക്കുമെന്ന തരത്തില്‍ റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും, ഏഴ് അതിവേഗ റെയില്‍ പാതകള്‍ പ്രഖ്യാപിച്ചിട്ടും അവയില്‍ ഒന്നും കേരളത്തിന് അനുവദിക്കാത്ത സാഹചര്യത്തില്‍, ഈ പദ്ധതിക്കും കേന്ദ്ര അനുമതി ലഭിക്കാന്‍ സാധ്യത കുറവാണെന്ന റിപോര്‍ട്ടുകളാണ് ഇപ്പോള്‍ ഉയരുന്നത്.

Tags: