കണ്ണൂര്‍: മുന്‍കേന്ദ്ര മന്ത്രിയും മുസ് ലിം ലീഗ് ദേശീയ പ്രസിഡണ്ടുമായിരുന്ന ഇ അഹമദ് സാഹിബിന്റെ ആശയാദര്‍ശങ്ങളും മാനവിക മൂല്യങ്ങളും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഇ അഹമദ് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഫെബ്രവരി 8, 9 തിയ്യതികളില്‍ കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. ഇ അഹമദ്: കാലം,ചിന്ത എന്ന ശീര്‍ഷകത്തില്‍ എല്ലാ രണ്ട് വര്‍ഷം കൂടുമ്പോഴും ഇ അഹമദ് ഫൗണ്ടേഷന്‍ നടത്താന്‍ ഉദ്ദേശിക്കുന്ന കോണ്‍ഫറന്‍സിന്റെ പ്രഥമ എഡിഷനാണിത്.
അഹമദ് സാഹിബ് പ്രതിനിധാനം ചെയ്ത ആശയങ്ങളുടെയും പ്രവൃത്തികളുടെയും വെളിച്ചത്തില്‍ അതാത് കാലത്തെ രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹികാവസ്ഥകളെ വിലയിരുത്തുന്നതിനും വെല്ലുവിളികളെ അതിജീവികുന്നതിനുള്ള ആശയപരിസരം രൂപപ്പെടുത്തുന്നതിനുമുള്ള പരിശ്രമങ്ങളുടെ ഭാഗമായി ആഗോള നീതി, ജനാധിപത്യ ഇന്ത്യ എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയാണ് സമ്മേളനത്തിന്റെ ആദ്യ എഡിഷന്‍ സംവിധാനിച്ചിട്ടുള്ളത്. സമ്മേളനം ഫെബ്രുവരി 8 ന് വൈകുന്നേരം 4 മണിക്ക് മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടും ദേശീയ പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മറ്റി ചെയര്‍മാനുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യും.
ആറരപ്പതിറ്റാണ്ടുകാലം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു ഇ. അഹമദ് സാഹിബ്. ഇ അഹമദ് സാഹിബിന്റ രാഷ്ട്രീയചരിത്രവും ദര്‍ശനങ്ങളും പ്രചരിപ്പിക്കുന്നതോടൊപ്പം പുതിയകാലത്തെ വെല്ലുവിളികള്‍ ഏറ്റെടുത്തുകൊണ്ട് വിദ്യാഭ്യാസ-സാംസ്‌കാരിക-വൈജ്ഞാനിക മേഖലകളില്‍ ഇടപെടുന്നതിനും വേണ്ടി മുസ് ലിം ലീഗ് കണ്ണൂര്‍ ജില്ലാകമ്മറ്റിക്കു കീഴില്‍ 2019-ല്‍ ആരംഭിച്ച അക്കാദമി സംരംഭമാണ് ഇ അഹമദ് ഫൗണ്ടേഷന്‍.
അക്കാദമിക് സെമിനാറുകള്‍ക്കും സമ്മേളനങ്ങള്‍ക്കും പുറമെ കണ്ണൂരില്‍ ഇ.അഹമദ് മെമ്മോറിയല്‍ ചരിത്ര പഠന ഗവേഷണ കേന്ദ്രം ആരംഭിക്കുന്നതിനും അദ്ദേഹത്തിന്റെ നാമധേയത്തില്‍ രാഷ്ട്ര പുരസ്‌കാരം ഏരപ്പെടുത്താനും ഫൗണ്ടേഷന്‍ തീരുമാനിച്ചിട്ടുണ്ട്. രാഷ്ട്രനന്മ ലക്ഷ്യമാക്കി മതേതരത്വത്തിനും ഭരണഘടനാ സംരക്ഷണത്തിനും പ്രാധാന്യം നല്‍കി മാതൃകാപരമായ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവര്‍ക്കാണ് അഹമദ് സാഹിബിന്റെ നാമധേയത്തില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്രഥമ പുരസ്‌കാരത്തിന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെയാണ് പുരസ്‌കാരസമിതി തിരഞ്ഞെടുത്തിട്ടുള്ളത്.
ശനിയാഴ്ച ആരംഭിക്കുന്ന കോണ്‍ഫറന്‍സിന്റെ മുന്നോരുക്കം എന്ന നിലയില്‍ വെള്ളിയാഴ്ച രാവിലെ 7 മണിക്ക് കണ്ണൂര്‍ സിറ്റിയില്‍ പൈതൃക നടത്തം (ഹെറിറ്റേജ് വോക്ക്) സംഘടിപ്പിക്കും. അന്ന് തന്നെ വൈകീട്ട് മലയാള മനോരമ സംഘടിപ്പിക്കുന്ന അഹമദ് സാഹിബ് ചിത്രപ്രദര്‍ശനം, ബുക് പ്ലസ് സംഘടിപ്പിക്കുന്ന പുസ്തകോത്സവം എന്നിവയുടെ ഉദ്ഘാടനങ്ങള്‍ യഥാക്രമം ശിഹാബ് പൊയ്ത്തുംകടവ്, ഡോ. അസീസ് തരുവണ എന്നിവര്‍ നിര്‍വ്വഹിക്കും. ജില്ലാ സ്‌പോര്‍ട്‌സ് കൌണ്‍സിലിനു കീഴിലുള്ള മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പ്രത്യേകം സജ്ജമാക്കിയ ഇ. അഹമദ് നഗരിയിലാണ് സമ്മേളനം. മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്ത പ്രതിധികളുടെ പ്രവേശനത്തിനായി സമ്മേളന ദിവസം രാവിലെ 8 മണി മുതല്‍ 9 കൗണ്ടറുകളും, ക്ഷണിതാക്കള്‍ക്കുള്ള പ്രത്യേക കൗണ്ടറും പ്രവര്‍ത്തിക്കും.

