സിപിഎമ്മുകാരുടെ നിര്‍ദേശപ്രകാരം ഡിവൈഎഫ്‌ഐക്കാരനെ പോലിസ് ഇടിച്ചുകൊന്നെന്ന് കുടുംബം
അടൂര്‍: സിപിഎം നേതാക്കളുടെ നിര്‍ദേശ പ്രകാരം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ പോലിസ് ഇടിച്ചു കൊന്നുവെന്ന് ആരോപിച്ച് കുടുംബം. ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയായിരുന്ന ജോയലിന്റെ കുടുംബമാണ് പരാതിയുമായി രംഗത്തെത്തിയത്. 2020 മെയ് 22ന് ആണ് ജോയല്‍ മരിച്ചത്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനകാലത്ത്, 2020 ജനുവരി ഒന്നിനാണ് വാഹനം തട്ടിയ തര്‍ക്കത്തില്‍ നെല്ലിമുകള്‍ സ്വദേശി ജോയലിനെ സ്റ്റേഷനിലെത്തിച്ച് തല്ലിച്ചതച്ചത്. സിഐ യു ബിജുവും സംഘവുമാണ് മര്‍ദിച്ചത്. തടയാന്‍ ചെന്ന പിതൃ സഹോദരി കുഞ്ഞമ്മയേയും പോലിസുകാര്‍ തല്ലിച്ചതച്ചു.
അന്ന് പോലിസ് വിട്ടയച്ചെങ്കിലും പിന്നീട് അഞ്ച് മാസം ജോയല്‍ ചികില്‍സയിലായിരുന്നു. മെയ് 22ന് അവശനായതോടെ ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. ആ ദിവസം മൂത്രത്തിലൂടെ പഴുപ്പും ചോരയും പുറത്ത് വന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ജോയലിന്റെ മരണത്തിന് ശേഷം അഞ്ച് വര്‍ഷമായി കുടുംബം നിയമ പോരാട്ടത്തിലാണ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും അടക്കം പരാതി നല്‍കി. വിവരാവകാശ നിയമപ്രകാരം സ്റ്റേഷനിലെ ദൃശ്യങ്ങള്‍ ചോദിച്ചെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. മര്‍ദനമുണ്ടായില്ലെന്നും ഹൃദയാഘാതമാണ് ജോയലിന്റെ മരണ കാരണമെന്നുമാണ് സിപിഎം അടൂര്‍ ഏരിയ സെക്രട്ടറിയുടെ കണ്ടെത്തല്‍.