ഡിവൈഎഫ്ഐ നേതാവായ വിനേഷിനെ മര്‍ദ്ദിച്ച കേസ്; മുഖ്യപ്രതിയെ കണ്ടെത്താനാകാതെ പോലിസ്
പാലക്കാട്: വാണിയംകുളത്ത് ഡിവൈഎഫ്ഐ നേതാവായ പനമരം സ്വദേശി വിനേഷിനെ മര്‍ദ്ദിച്ച കേസില്‍ മുഖ്യപ്രതിയെ കണ്ടെത്താനാകാതെ പോലിസ്. ഇയാള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. സംഭവത്തില്‍ അറസ്റ്റിലായവരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇന്ന് ഒരാള്‍കൂടി പിടിയിലായെന്നാണ് വിവരം. വിനേഷിനെകുറിച്ച് പ്രതികള്‍ക്ക് വിവരം നല്‍കിയ പ്രദേശവാസി രാജുവാണ് പിടിയിലായത്.
ബ്ലോക്ക് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റിട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.ആക്രമണത്തിന് പിന്നില്‍ വ്യക്തിവിരോധമാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. രാഷ്ട്രീയ കാരണങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നുവെന്നും പോലിസ് വ്യക്തമാക്കി.
ബാറില്‍ ഉണ്ടായിരുന്ന വിനേഷിനെ അവിടെ നിന്ന് വിളിച്ചിറക്കിയാണ് പ്രതികള്‍ ആക്രമിച്ചത്. വിനേഷ് ബാറിലുണ്ടെന്ന് നേരത്തേ തന്നെ മനസിലാക്കിയാണ് പ്രതികള്‍ ആക്രമണത്തിന് പദ്ധതിയിട്ടതെന്നും പോലിസ് കണ്ടെത്തി. ആക്രമിച്ചത് കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെയല്ലെന്നാണ് പ്രതികളുടെ മൊഴി. വിനേഷ് ഫേസ്ബുക്കില്‍ നടത്തിയ പ്രസ്താവനകളും പോസ്റ്റുകളുമാണ് പ്രകോപനമെന്നും ഭീഷണിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമിച്ചതെന്നും പ്രതികള്‍ മൊഴി നല്‍കിയിരുന്നു. അതേസമയം, വിനേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
