ദുല്‍ഖര്‍ സല്‍മാന്റെ രണ്ടു കാറുകള്‍ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തെന്ന് റിപോര്‍ട്ട്

Update: 2025-09-23 09:27 GMT

കോഴിക്കോട്: ഭൂട്ടാനില്‍ നിന്നും കൊണ്ടുവന്നതെന്ന് ആരോപിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ രണ്ട് വാഹനങ്ങളും മറ്റു രണ്ടു ജില്ലകളില്‍ നിന്നായി പതിനൊന്ന് വാഹനങ്ങളും കസ്റ്റംസ് പിടിച്ചെടുത്തതായി റിപോര്‍ട്ട്. കൂടുതല്‍ വാഹനങ്ങള്‍ ഉണ്ടെങ്കില്‍ ഹാജരാക്കണമെന്ന് അറിയിച്ച് ദുല്‍ഖര്‍ സല്‍മാന് സമന്‍സും നല്‍കി. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഏഴ് ഇടങ്ങളില്‍ നിന്നാണ് 11 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. വാഹനങ്ങളെല്ലാം കരിപ്പൂര്‍ വിമാനത്താവളത്തിലുള്ള കസ്റ്റംസ് ഓഫിസില്‍ എത്തിക്കുമെന്നാണ് സൂചന.

ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി സംസ്ഥാനത്ത് കോഴിക്കോട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് പരിശോധന നടത്തിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നാല് ഷോറൂമുകളിലും മൂന്ന് വീടുകളിലുമാണ് പരിശോധന നടത്തിയത്. മലയാളത്തിലെ യുവതാരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് സുകുമാരന്‍, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലും പരിശോധന നടത്തിയിരുന്നു.

ഭൂട്ടാന്‍ സൈന്യവും മറ്റും ഉപേക്ഷിച്ച വാഹനങ്ങളാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നതെന്ന് കസ്റ്റംസ് പറയുന്നു. ഭൂട്ടാനില്‍ നിന്ന് സൈന്യം ലേലം ചെയ്ത എസ്‌യുവികളും മറ്റും ഇടനിലക്കാര്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങുകയും ഇവ ഹിമാചല്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്ത ശേഷം ഉയര്‍ന്ന വിലയ്ക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് വില്‍ക്കുകയായിരുന്നു. ഇത്തരത്തിലുള്ള വാഹനങ്ങളില്‍ 200 എണ്ണം കേരളത്തില്‍ മാത്രം വിറ്റിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.