മദ്യലഹരിയില്‍ യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ ചവിട്ടി പുറത്തിട്ട സംഭവം; കുട്ടിക്ക് മതിയായ ചികില്‍സ നല്‍കുന്നില്ലെന്ന് കുട്ടിയുടെ അമ്മ

Update: 2025-11-03 09:52 GMT

തിരുവനന്തപുരം: വര്‍ക്കലയില്‍ മദ്യലഹരിയില്‍ യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് ചവിട്ടി പുറത്തിട്ട 19കാരി ശ്രീക്കുട്ടിയ്ക്ക് മതിയായ ചികില്‍സ ലഭിക്കുന്നില്ലെന്ന് കുടുംബം. മകളുടെ ആരോഗ്യനില ഗുരുതരമാണെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് മകള്‍ ജീവന്‍ നിലനിര്‍ത്തുന്നതെന്നും അവര്‍ പറയുന്നു. ഡെഡ് ബോഡി കിടക്കുന്നതുപോലെയാണ് എന്റെ മകള്‍ കടക്കുന്നത്. അവര്‍ ഇതുവരെ ചികില്‍സ തുടങ്ങിയിട്ടില്ല. ശരീരത്തില്‍ 20 തോളം മുറിവുകളാണ് ഉള്ളത്. തലയില്‍ രണ്ടോളം മുറിവുകള്‍ മകള്‍ക്കുണ്ട്. മകള്‍ക്ക് നല്ല ചികില്‍സ കിട്ടണമെന്നും ശ്രീക്കുട്ടിയുടെ അമ്മ പ്രിയദര്‍ശിനി പറഞ്ഞു.

എന്റെ കുഞ്ഞിനെ തിരികെ വേണം. 19 വയസ് കഴിഞ്ഞിട്ടില്ല കുഞ്ഞിന്. മകള്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ പേടിയായിരുന്നു.മകള്‍ക്കൊപ്പം ഉണ്ടായിരുന്ന കുട്ടിയെ കണ്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു. അതേസമയം, ശ്രീക്കുട്ടി അപകടനില തരണം ചെയ്തുവെന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്.

Tags: