വഴിക്കടവ്(മലപ്പുറം): വഴിക്കടവില്‍ ജ്യേഷ്ഠന്‍ അനുജനെ മദ്യലഹരിയില്‍ കുത്തിക്കൊന്നു. വഴിക്കടവ് നായക്കന്‍കൂളി മോളുകാലായില്‍ വര്‍ഗീസ് (53) ആണ് കൊല്ലപ്പെട്ടത്. വര്‍ഗീസിന്റെ ജ്യേഷ്ഠന്‍ രാജുവിനെ വഴിക്കടവ് പോലിസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രിയാണ് സംഭവം. മദ്യലഹരിയിലെത്തിയ രാജു വര്‍ഗീസിനെ കുത്തുകയായിരുന്നു. ഇരുവരും തമ്മില്‍ മറ്റു പ്രശ്നങ്ങളില്ലെന്നാണ് വിവരം. മദ്യപിച്ചെത്തിയാല്‍ രാജു കലഹമുണ്ടാക്കുന്നത് പതിവാണെന്നും ഇതാണ് കൊലപാതകത്തിലെത്തിച്ചതെന്ന് പോലിസ് പറയുന്നത്.
രാജുവിന്റെയും വര്‍ഗീസിന്റെയും കുടുംബം ഒരേവീട്ടിലാണ് കഴിഞ്ഞിരുന്നത്. രാജുവിന്റെ മക്കളുടെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത് വര്‍ഗീസായിരുന്നു. മദ്യപിച്ചെത്തിയതിനു പിന്നാലെയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വര്‍ഗീസിന്റെ മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലിസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.