മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; സ്പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐയും നടനുമായ ശിവദാസനെതിരേ കേസ്
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം
കണ്ണൂര്‍: മദ്യപിച്ച് വാഹനമോടിച്ച പോലിസുകാരനെതിരേ കേസെടുത്തു. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐയും സിനിമാ താരവുമായ പി ശിവദാസനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മട്ടന്നൂര്‍ എടയന്നൂരില്‍ വെച്ചാണ് ശിവദാസന്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.
ചാലോട് ഭാഗത്തു നിന്നും മട്ടന്നൂരിലേക്ക് പോവുകയായിരുന്ന ശിവദാസന്റെ കാര്‍ എടയന്നൂരില്‍ വെച്ച് നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിക്കുകയായിരുന്നു. ഇടിക്കു പിന്നാലെ കാര്‍ പിന്നോട്ട് നീങ്ങി മറ്റൊരു കാറിലും തട്ടി. ഇതോടെ നാട്ടുകാര്‍ വാഹനം തടഞ്ഞ് പോലിസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് മട്ടന്നൂര്‍ പോലിസെത്തി പരിശോധിച്ചപ്പോഴാണ് ശിവദാസന്‍ മദ്യപിച്ചിരുന്നുവെന്ന് കണ്ടെത്തിയത്. സംഭവത്തില്‍ പോലിസ് വിശദമായ അന്വേഷണം തുടങ്ങി. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയത് ശിവദാസ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ഓട്ടര്‍ഷ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
കാറില്‍ മറ്റു ചിലര്‍ കൂടി ശിവദാസനൊപ്പം ഉണ്ടായിരുന്നു. മദ്യപിച്ചതിനു പുറമെ അശ്രദ്ധയോടെയും അപകടകരമായും വാഹനം ഓടിച്ചതിന്റെ പേരിലാണ് മട്ടന്നൂര്‍ പോലിസ് ശിവദാസനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. സമാനമായ രീതിയില്‍ കുറച്ച് നാള്‍ മുന്‍പ് കണ്ണൂര്‍ കണ്ണോത്തുംചാലില്‍ വെച്ച് ശിവദാസന്‍ ഓടിച്ച വാഹനം അപകടത്തില്‍പ്പെട്ടിരുന്നു. അന്ന് ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ ഇടപെട്ട് കേസ് ഒഴിവാക്കുകയായിരുന്നു.