PHOTO: മരിച്ച വിൻസെന്റ്, അറസ്റ്റിലായ ബിനു ചന്ദ്രൻ
കരിമണ്ണൂര്‍: മദ്യപിച്ചുകൊണ്ടിരുന്നവര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ടയാളെ വെട്ടിക്കൊന്നു. കിളിയറ പുത്തന്‍പുരയില്‍ വിന്‍സെന്റി(42)നാണ് ബുധനാഴ്ച രാത്രി വെട്ടേറ്റത്. കഴുത്തിന് വാക്കത്തിക്ക് വെട്ടേറ്റ് തലയിലേക്കുള്ള ഞരമ്പ് മുറിഞ്ഞതാണ് മരണ കാരണം. വിന്‍സെന്റിനെ ഇവര്‍ എത്തിയ ഓട്ടോറിക്ഷയില്‍ ഉടന്‍ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ മാരാംപാറ കാപ്പിലാംകുടിയില്‍ ബിനു ചന്ദ്രനെ(38) കരിമണ്ണൂര്‍ പോലിസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച ബിനുവും കരിമണ്ണൂര്‍ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ പുല്ലുവേലിക്കകത്ത് എല്‍ദോസും സുഹൃത്തുക്കളും കമ്പിപ്പാലത്തുള്ള വാടകകെട്ടിടത്തില്‍ ഒരുമിച്ച് മദ്യപിച്ചു. ഇതിനിടെ ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് എല്‍ദോസിന്റെ തലയ്ക്ക് ബിനു ബിയര്‍ കുപ്പിക്ക് അടിച്ചു. ഇതേത്തുടര്‍ന്ന് എല്‍ദോസ് വിന്‍സെന്റിനെ കൂട്ടിക്കൊണ്ട് രാത്രി ബിനുവിന്റെ കമ്പിപാലത്തുള്ള വാടകയ്ക്ക് താമസിക്കുന്ന മുറിയിലെത്തി. ഇവിടെ വെച്ച് വിന്‍സെന്റിനെ ബിനു വാക്കത്തിക്ക് വെട്ടുകയായിരുന്നു.