ചോക്ലേറ്റ് കഴിച്ച നാലുവയസുകാരന്റെ ബോധം പോയി; കുഞ്ഞിന്റെ ശരീരത്തില്‍ ലഹരിവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയെന്ന് ഡോക്ടര്‍മാര്‍

Update: 2025-03-02 04:51 GMT

കോട്ടയം: സ്‌കൂളില്‍ നിന്നും കിട്ടിയ ചോക്ലേറ്റ് കഴിച്ച നാലുവയസുകാരന്റെ ബോധം പോയി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ ഉറക്കക്കുറവിനുള്ള മരുന്നിന്റെ സാന്നിധ്യം കണ്ടെത്തി. മണര്‍കാട് അങ്ങാടിവയല്‍ സ്വദേശികളുടെ മകന്‍ കഴിച്ച ചോക്ലേറ്റില്‍ ലഹരിയുടെ സാന്നിധ്യമുണ്ടെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ ജില്ലാ പോലിസ് മേധാവിക്കും കലക്ടര്‍ക്കും പരാതി നല്‍കി.ഫെബ്രുവരി 17നാണ് സംഭവം. ആദ്യം കുട്ടിയെ വടവാതൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില മോശമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് മാറ്റി. ഉറക്കമില്ലായ്മയ്ക്ക് നല്‍കുന്ന മരുന്നിന്റെ അംശമാണ് കുഞ്ഞിന്റെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയത്.