'വെള്ളത്തില്‍ മുക്കിക്കൊല്ലുക, വൈദ്യുതാഘാതമേല്‍പ്പിക്കുക'; പൂച്ചകളെ പീഡിപ്പിക്കുന്ന അന്താരാഷ്ട്ര ശൃംഖല ;യുകെയിലും അംഗങ്ങള്‍
ലണ്ടന്‍: പൂച്ചകളെയും പൂച്ചക്കുട്ടികളെയും പീഡിപ്പിക്കുന്ന വീഡിയോകള്‍ ഓണ്‍ലൈനില്‍ പങ്കിടുന്ന ഒരു അന്താരാഷ്ട്ര നെറ്റ്വര്‍ക്കിന് യുകെയില്‍ അംഗങ്ങളുണ്ടെന്ന് ബിബിസി റിപോര്‍ട്ട്. പൂച്ചകളെ മുറിവേല്‍പ്പിക്കുകയും കൊല്ലുകയും ചെയ്യുന്നതിന്റെ ഗ്രാഫിക് ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യുകയും പങ്കിടുകയും വില്‍ക്കുകയും ചെയ്യുന്ന ആയിരക്കണക്കിന് അംഗങ്ങള്‍ ഈ നെറ്റ്വര്‍ക്കിലുണ്ടെന്ന് കരുതപ്പെടുന്നു.
വടക്കുപടിഞ്ഞാറന്‍ ലണ്ടനിലെ റുയിസ്ലിപ്പിലുള്ള ഒരു പാര്‍ക്കില്‍ രണ്ട് പൂച്ചക്കുട്ടികളെ പീഡിപ്പിച്ച് കൊന്നതായി രണ്ട് കൗമാരക്കാര്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ് ബിബിസി അന്വേഷണം ആരംഭിച്ചത്. ഇവര്‍ക്കെതിരേ പോലിസ് കേസെടുത്തിരുന്നു.
സജീവമായ 24 ഗ്രൂപ്പുകളോളം കണ്ടെത്തുകയും അതില്‍ തന്നെ ഒരു ഗ്രൂപ്പില്‍ 1,000-ത്തിലധികം അംഗങ്ങളുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു. ഒരാള്‍ 200-ലധികം പൂച്ചകളെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്ന ചിത്രങ്ങള്‍ ഈ ഗ്രൂപ്പില്‍ പങ്കുവച്ചിട്ടുണ്ട്. ന്വലില്‍ എന്‍ക്രിപ്റ്റ് ചെയ്ത മെസേജിംഗ് ആപ്പുകളിലെ ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും പോസ്റ്റ് ചെയ്യുകയും വില്‍ക്കുകയും ചെയ്യുന്ന വിശാലമായ ശൃംഖലയുമായി ഈ നെറ്റ്വര്‍ക്കിന് ബന്ധമുണ്ടോ എന്ന് പോലിസ് അന്വേഷിച്ചുവരികയാണ്.
ഗ്രൂപ്പുകളില്‍ കുട്ടികള്‍ പങ്കെടുക്കുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന തെളിവുകളും കണ്ടെത്തി. തനിക്ക് 10 വയസ്സായി, പൂച്ചകളെ പീഡിപ്പിക്കാന്‍ ഇഷ്ടമാണ് എന്നതടക്കമുള്ള സന്ദേശങ്ങള്‍ ഗ്രൂപ്പില്‍ നിന്നു ലഭിച്ചു. പൂച്ചയെ വെള്ളത്തില്‍മുക്കി കൊല്ലുക, വൈദ്യുതാഘാതമേല്‍പ്പിക്കുക തുടങ്ങിയ ക്രൂരതകളാണ് ഒരോ വീഡിയോയിലും കാണിക്കുന്നത്. ചിലതില്‍ പൂച്ചകളെ പട്ടിണിക്കിട്ട് കൊല്ലുന്ന വീഡിയോകളും ഉണ്ട്. ഭക്ഷണമില്ലാതെ എങ്ങനെ ജീവിക്കുമെന്ന് നോക്കാം എന്ന് തുടങ്ങുന്ന ക്യാപഷ്‌നിലാണ് ഈ വീഡിയോ പങ്കുവെക്കുന്നത്.
ഇത്തരം വീഡിയോകളിലേക്ക് എല്ലാവര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്നത് കുട്ടികളെയടക്കമുള്ള നാളത്തെ തലമുറയെ ബാധിക്കുമെന്നും ഇത് പരസ്പര സ്‌നേഹവും കരുണയും ഉള്ള ഒരു നല്ല സമൂഹം ഉയര്‍ന്നു വരുന്നതിന് തടസ്സം സൃഷ്ടിക്കുമെന്നും സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നു.

