ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും വിഫലം, ശരണ്യയെ കണ്ടെത്താനാവാതെ തിരച്ചില്‍ സംഘം

Update: 2026-04-05 09:05 GMT

കര്‍ണാടക: കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിയായ ശരണ്യയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥന്‍. ശരണ്യയുടെ കയ്യിലുണ്ടായിരുന്ന വസ്ത്രത്തെ കുറിച്ചോ, ഭക്ഷണമോ അത്തരത്തിലുള്ള സൂചനകളൊന്നും ഇതുവരെയും ലഭിച്ചിട്ടില്ല. നിലവില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചിട്ടില്ല.

ആദ്യമായാണ് ഇത്തരത്തിലുള്ളൊരു മിസ്സിംഗ് കേസ് റിപോര്‍ട്ട് ചെയ്യുന്നതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പോലിസും ഫോറസ്റ്റും സംയുക്തമായാണ് പരിശോധന നടത്തുന്നത്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്.

കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോള്‍ കയറാനെത്തിയതായിരുന്നു ശരണ്യ.ഏപ്രില്‍ 2-ന് ഒറ്റയ്ക്കാണ് കൊച്ചിയില്‍ നിന്ന് ശരണ്യ കുടകിലെത്തിയത്. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നത്.

ഏപ്രില്‍ 2-ന് രാവിലെ 8:15-ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ട്രെക്കിംഗ് ആരംഭിച്ചത്. കാട്ടാന ശല്യമുള്ളതിനാല്‍ മറ്റ് 10 പേര്‍ അടങ്ങുന്ന സംഘത്തിനൊപ്പം പോകാന്‍ ശരണ്യക്ക് വനംവകുപ്പിന്റെ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ പത്തു പേര്‍ക്കൊപ്പം യാത്ര തുടങ്ങിയ ശരണ്യ അവവര്‍ തിരിച്ചെത്തിയിട്ടും തിരിച്ചു വന്നില്ല. തുടര്‍ന്ന് തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഫോണ്‍ സിഗ്നല്‍ നഷ്ടപ്പെട്ടു. ഫോണ്‍ സ്വിച്ച് ഓഫ് ആവുകയും ചെയ്തു.

Tags: