കുവൈത്ത് വിമാനത്താവളത്തില്‍ ഇന്ധന ടാങ്കിന് നേരേ വീണ്ടും ഡ്രോണ്‍ ആക്രമണം; വന്‍ തീപിടിത്തം
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നതെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) സ്ഥിരീകരിച്ചു. കുവൈത്ത് ഏവിയേഷന്‍ ഫ്യൂവലിംഗ് കമ്പനി നിയന്ത്രണത്തിലുള്ള ഇന്ധന സംഭരണ ടാങ്കുകളെയാണ് ഡ്രോണുകള്‍ ലക്ഷ്യമിട്ടത്. ആക്രമണത്തെ തുടര്‍ന്ന് സ്ഥലത്ത് വന്‍ തീപിടിത്തം ഉണ്ടായതായി ഡിജിസയഎ ഒൗദ്യോഗിക വക്താവ് അബ്ദുല്ല അല്‍ രാജ്ഹി അറിയിച്ചു.
വിവരം ലഭിച്ചതോടെ അടിയന്തര പ്രതികരണ സംഘങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. പ്രാഥമിക വിലയിരുത്തലുകള്‍ പ്രകാരം വലിയ ഭൗതിക നാശനഷ്ടം ഉണ്ടായിട്ടുണ്ടെങ്കിലും ആളപായമോ പരിക്കുകളോ റിപോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തിന്റെ ഗൗരവം പരിഗണിച്ച് കൂടുതല്‍ പരിശോധനകള്‍ ആരംഭിച്ചതായും പ്രധാന അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷ ശക്തമാക്കിയതായും അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിലെ സുരക്ഷാ നടപടികളും കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.