കെഎസ്ആര്‍ടിസി ബസ് തടഞ്ഞ കേസ്: കുറ്റപത്രത്തില്‍ നിന്നും ആര്യ രാജേന്ദ്രനേയും സച്ചിന്‍ദേവിനേയും ഒഴിവാക്കിയതില്‍ പ്രതികരണവുമായി ഡ്രൈവര്‍

'ഇത്രയും പ്രശ്‌നമുണ്ടാക്കിയ മേയറും എംഎല്‍എയും നല്ല പോലെ ജീവിക്കുന്നു, ഞാന്‍ ബുദ്ധിമുട്ടിലുമായി'

Update: 2025-12-02 17:18 GMT

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് തടഞ്ഞ കേസില്‍ മേയര്‍ ആര്യ രാജേന്ദ്രനേയും ഭര്‍ത്താവും ബാലുശേരി എംഎല്‍എയുമായ സച്ചിന്‍ദേവിനേയും കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയതില്‍ പ്രതികരണവുമായി ഡ്രൈവര്‍ യദു. ഇങ്ങനെയേ സംഭവിക്കൂവെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നു. നിയമപരമായി ഇനിയും മുന്നോട്ടു പോകും. പ്രൈവറ്റ് ബസില്‍ ലീവ് വേക്കന്‍സിയിലാണ് ഇപ്പോള്‍ ഓടുന്നത്. കെഎസ്ആര്‍ടിസിയില്‍ തിരിച്ചെടുത്തിട്ടില്ല. ഇത്രയും പ്രശ്‌നമുണ്ടാക്കിയ മേയറും എംഎല്‍എയും നല്ല പോലെ ജോലി ചെയ്ത് ജീവിക്കുന്നു, ജനങ്ങളെ പറ്റിക്കുന്നു. കെഎസ്ആര്‍ടിസി ബസ് ഓടിച്ചുവെന്ന കുറ്റമേ ചെയ്തിട്ടുള്ളൂ. പാവങ്ങളുടെ പാര്‍ട്ടി എന്നാണ് കമ്മ്യൂണിസ്റ്റിനെ പറയുന്നത്, പക്ഷേ തന്നെ ഒരുപാട് ദ്രോഹിച്ചെന്നും യദു പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും ബാലുശേരി എംഎല്‍എയുമായ സച്ചിന്‍ദേവും പ്രതികളല്ലെന്നാണ് കുറ്റപത്രം. ഇരുവരെയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയാണ് തിരുവനന്തപുരം കറ്റോണ്‍മെന്റ് പോലിസ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ മേയറുടെ സഹോദരന്‍ അരവിന്ദ് മാത്രമാണ് പ്രതി.

2024 ഏപ്രില്‍ 27ാം തിയ്യതി രാത്രി പാളയത്തു വച്ചാണ് കേസിനാസ്പദമായ സംഭവം. അന്ന് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവര്‍ യദുവുമായി മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയും വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടത് വലിയ വിവാദമായിരുന്നു. മേയര്‍ അടക്കം സഞ്ചരിച്ച വാഹനത്തിനു നേരെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കുക മാത്രമാണ് ഇരുവരും ചെയ്തതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പോലിസ് നടപടി. ഒരു കുറ്റത്തെ നേരിടുന്നത് മറ്റൊരു കുറ്റമായി കണക്കാക്കേണ്ടതില്ല എന്ന നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇരുവരെയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി പോലിസ് കുറ്റപത്രം സമര്‍പ്പിച്ചത്.