
ന്യൂയോര്‍ക്ക്: ഫലസ്തീന്‍ രാഷ്ട്രം വേണമെന്ന് ആവശ്യപ്പെട്ട് യുഎന്‍ കരട് പ്രമേയം. ഫ്രാന്‍സും സൗദിയും സംയുക്തമായി വിളിച്ചുചേര്‍ത്ത പ്രത്യേക യുഎന്‍ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ തയ്യാറാക്കിയ കരട് പ്രമേയമാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. ഫലസ്തീന്‍ രാഷ്ട്രരൂപീകരണം സംബന്ധിച്ച ഈ പ്രമേയം 'ന്യൂയോര്‍ക്ക് പ്രഖ്യാപനം' എന്നാണ് അറിയപ്പെടുക.
പശ്ചിമേഷ്യയില്‍ സ്ഥിരത കൊണ്ടുവരാന്‍ ഫലസ്തീന്‍ രാഷ്ട്രം അനിവാര്യമാണെന്ന് പ്രമേയം പറയുന്നു. ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കുന്നതില്‍ വീഴ്ച്ച വന്നതിനാലാണ് സംഘര്‍ഷം ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. അതിനാല്‍ അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കണം. ഇത് പിന്‍മാറാന്‍ സാധ്യമല്ലാത്ത വഴിയാണ്. ഗസയില്‍ സമാധാനം കൊണ്ടുവരുന്നതിനൊപ്പം ഫലസ്തീന്‍ രാഷ്ട്രവും രൂപീകരിക്കണം. അതിനാല്‍ തന്നെ ഗസ ഭാവിയിലെ ഫലസ്തീന്‍ രാഷ്ട്രത്തിന്റെ അനിവാര്യ ഘടകമാണ്. ഗസയില്‍ അധിനിവേശമോ ഉപരോധമോ പാടില്ല. അറബ് ലീഗും ഒഐസിയും ശുപാര്‍ശ ചെയ്ത ഗസ പുനര്‍നിര്‍മാണത്തെയും പ്രമേയം പിന്തുണക്കുന്നു.
ഗസയുടെ ഭരണം ഫലസ്തീന്‍ അതോറിറ്റിക്ക് കീഴിലാക്കണമെന്നും സ്ഥിരത ഉറപ്പാക്കാന്‍ യുഎന്‍ നേതൃത്വത്തില്‍ അന്താരാഷ്ട്ര സൈന്യത്തെ വിന്യസിക്കണമെന്നും പ്രമേയം പറയുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ഫലസ്തീനില്‍ തിരഞ്ഞെടുപ്പും നടത്തണം. കിഴക്കന്‍ അല്‍ ഖുദ്‌സിലും തിരഞ്ഞെടുപ്പ് നടത്തണം. ഫലസ്തീനിലെ വിശുദ്ധ പ്രദേശങ്ങളുടെ നിയമപരവും ചരിത്രപരവുമായ തല്‍സ്ഥിതിയും തുടരണം. അതായത്, അവയുടെ മേല്‍നോട്ടം ജോര്‍ദാനിലെ ഹാഷിമൈറ്റ് രാജകുടുംബത്തിനായിരിക്കണം. ദ്വിരാഷ്ട്രപരിഹാരത്തിന് തയ്യാറാവാന്‍ ഇസ്രായേലിന് മേല്‍ ലോകരാജ്യങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
വര്‍ഷങ്ങളായി ലോകം അവഗണിച്ച വിഷയമാണ് ഫലസ്തീന്റെ സ്വയം നിര്‍ണയാവകാശം. ഹമാസിന്റെ നേതൃത്വത്തില്‍ 2023 ഒക്ടോബര്‍ ഏഴിന് ആരംഭിച്ച തൂഫാനുല്‍ അഖ്‌സയാണ് വിഷയം വീണ്ടും ലോകത്തിന് മുന്നില്‍ എത്തിച്ചത്.
ചിത്രം: ഫലസ്തീന്‍ വിഷയത്തില്‍ സംസാരിച്ച ശേഷം ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറി ഡേവിഡ് ലാമി ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫയെ ആലിംഗനം ചെയ്യുന്നു