കൊല്ലം: കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഹൗസ്സര്‍ജന്‍ ഡോ. വന്ദനദാസിനെ(25)കുത്തിക്കൊന്ന കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി സന്ദീപിന്റെ ശിക്ഷാവിധി ശനിയാഴ്ച. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോള്‍ ചെയ്തത് എന്തെന്ന് അറിയില്ലെന്നായിരുന്നു പ്രതിയുടെ മറുപടി. പ്രായശ്ചിത്തം ചെയ്യാന്‍ പറ്റുമോ എന്ന് കോടതിയോട് സന്ദീപ് ചോദിച്ചു. അമ്മക്ക് താന്‍ മാത്രമേ ഉള്ളുവെന്നും കുറഞ്ഞ ശിക്ഷ നല്‍കണമെന്നും കോടതിയോട് പ്രതി ആവശ്യപ്പെട്ടു. പ്രായശ്ചിത്തം എന്ത് വേണമെങ്കിലും ചെയ്യാമെന്നും പ്രതി പറഞ്ഞു. പ്രായമായ അമ്മയെ കാണാന്‍ അവസരം നല്‍കണമെന്ന് പ്രതി സന്ദീപ് ആവശ്യപ്പെട്ടു.
ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനുള്ള ബാലിശമായ കാരണങ്ങള്‍ മാത്രമാണ് പ്രതിയുടേതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. പശ്ചാത്താപത്തിന്റെ ഒരു കണിക പോലും പ്രതിയില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. വന്ദനയെ ക്രൂരമായി കൊലപ്പെടുത്തി. അലറിവിളിച്ച് പുറത്തേക്ക് പോയ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് കയ്യില്‍ പിടിച്ച് തന്റെ ശരീരത്തോട് ചേര്‍ത്ത് നിര്‍ത്തി കുത്തി കൊലപ്പെടുത്തുകയാണ് പ്രതി ചെയ്തതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അധ്യാപകന്‍ എന്ന നിലക്ക് സമൂഹത്തിന് മാതൃകയാകേണ്ട വ്യക്തി ആയിരുന്നു പ്രതി. ദൈവത്തോട് അടുത്ത് നില്‍ക്കുന്ന ആളാണ് ഗുരു. ഇത് മറ്റൊരാള്‍ ആവര്‍ത്തിക്കരുത്. എത്ര വലിയ വേദന വന്ദന അനുഭവിച്ചിട്ടുണ്ടാകണം. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
വധശിക്ഷ നല്‍കേണ്ട കാര്യമില്ലെന്നും അപൂര്‍വ്വമായ ഒരു കേസ് അല്ലെന്നും പ്രതിഭാഗം പറഞ്ഞു. പിടിച്ചുകൊണ്ടുപോയി കൊലപ്പെടുത്തി എന്നത് ഒരു അധ്യാപകന്‍ ബോധപൂര്‍വം അത് ചെയ്യില്ല. ഡോക്ടറെ കൊലപ്പെടുത്താന്‍ അല്ല സന്ദീപ് ആശുപത്രിയില്‍ എത്തിയത്. അയാളുടെ മാനസികാവസ്ഥയാണ് അതിലേക്ക് നയിച്ചതെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. സന്ദീപ് മനപ്പൂര്‍വം ഒരു കൊലപാതകം ചെയ്യില്ലെന്നും പ്രതിഭാഗം പറഞ്ഞു.
2023 മെയ് 10ന് പുലര്‍ച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച് ഡോക്ടര്‍ വന്ദനാദാസിനെ മദ്യലഹരിയില്‍ പ്രതി ഓടനാവട്ടം സ്വദേശി ശ്രീനിലയത്തില്‍ ജി സന്ദീപ്(42)കുത്തി കൊലപ്പെടുത്തിയത്. നെടുമ്പനയിലെ എയ്ഡഡ് സ്‌കൂള്‍ അധ്യാപകനായിരുന്ന കുടവട്ടൂര്‍ സ്വദേശി സന്ദീപ് ഡോ. വന്ദനയെ സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചാണ് കുത്തി കൊലപ്പെടുത്തിയത്. വന്ദനയെ തല മുതല്‍ കാലു വരെ 23 തവണ കുത്തി. വന്ദനദാസിനെ കൊട്ടാരക്കര വിജയ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്ത് കിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും രാവിലെ 8.25ന് മരിച്ചു.
സന്ദീപിനെ വൈദ്യപരിശോധനയ്ക്കായി പോലിസ് ആശുപത്രിയിലെത്തിച്ചതായിരുന്നു. പരിശോധനയ്ക്കിടെ അക്രമാസക്തനായ സന്ദീപ് വന്ദനയെയും ഒപ്പമുണ്ടായിരുന്നവരെയും ആക്രമിക്കുകയായിരുന്നു. എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന കൊട്ടാരക്കര സ്റ്റേഷനിലെ എഎസ്‌ഐ മണിലാല്‍, പൂയപ്പള്ളി സ്റ്റേഷനിലെ ഹോം ഗാര്‍ഡ് അലക്‌സ്‌കുട്ടി, സന്ദീപിന്റെ അയല്‍വാസി ബിനു എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. വ്യവസായി കോട്ടയം മുട്ടുചിറ പട്ടാളംമുക്ക് നമ്പിച്ചിറകാലായില്‍ കെ ജി മോഹന്‍ദാസിന്റെയും തിരുവനന്തപുരം സ്വദേശി വസന്തകുമാരിയുടെയും ഏക മകളായ ഡോ. വന്ദനദാസ് മീയണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിനിയായിരുന്നു.

