ഇസ്രായേലിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കുന്ന സമിതിയുടെ ചെയര്‍മാനായി ഡോ. എസ് മുരളീധര്‍
ന്യൂഡല്‍ഹി: ഇസ്രായേല്‍ അധിനിവേശ ഫലസ്തീന്‍ മേഖലകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കുന്ന അന്താരാഷ്ട്ര കമ്മീഷന്റെ ചെയര്‍മാനായി മുതിര്‍ന്ന അഭിഭാഷകന്‍ ഡോ. എസ് മുരളീധര്‍ നിയമിതനായി. ഒഡീഷ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസാണ് അദ്ദേഹം. സാംബിയയിലെ ഫ്ളോറന്‍സ് മുംബ, ഓസ്ട്രേലിയയിലെ ക്രിസ് സിഡോട്ടി എന്നിവരടങ്ങുന്ന സമിതിയെയാണ് എസ് മുരളീധര്‍ നയിക്കുക.
ഇസ്രായേലിലും അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലും നടക്കുന്ന മനുഷ്യാവകാശ നിയമലംഘനങ്ങള്‍ പരിശോധിക്കുന്നതിന് വേണ്ടിയാണ് മൂന്നംഗ അന്വേഷണ കമ്മിറ്റിയെ നിയമിച്ചത്. ദേശീയ, വംശീയ, മതപരമായ വിവേചനവും അടിച്ചമര്‍ത്തലും ആവര്‍ത്തിച്ചുള്ള സാമൂഹിക രാഷ്ട്രീയ അസ്ഥിരാവസ്തയുടെ മൂലകാരണങ്ങളും അന്വേഷിക്കുന്നതാണ് കമ്മീഷന്റെ പ്രധാന ദൗത്യം.
2006 മെയിലാണ് ജസ്റ്റിസ് മുരളീധര്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. പിന്നീട് 2020 മാര്‍ച്ച് ആറിന് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറി. 2021 ജനുവരി നാലിന് അദ്ദേഹം ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു. 2023ല്‍ വിരമിച്ച ശേഷം, സുപ്രിംകോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനായി സേവനമനുഷ്ടിച്ച് വരികയാണ്.