ഹാശിം തങ്ങള്‍ സ്മാരക എക്സലന്‍സി അവാര്‍ഡ് ഡോ. അബ്ദുസ്സമദ് സമദാനിക്ക്

Update: 2025-02-06 06:31 GMT

കണ്ണൂര്‍: കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് ശില്‍പിയും ജില്ലാ നാഇ ബ് ഖാസിയും മത-സാമൂഹിക- സാംസ്‌കാരിക മേഖലയിലെ നിറ സാന്നിധ്യവുമായിരുന്ന മര്‍ഹൂം സയ്യിദ് കെ എം ഹാശിംകുഞ്ഞി തങ്ങളുടെ പേരില്‍ ഏര്‍പ്പെടുത്തിയ എക്സലന്‍സി പുരസ്‌കാരത്തിന് ഡോ. അബ്ദുസ്സമദ് സമദാനി അര്‍ഹനായി. പണ്ഡിത ലോകത്തെ നിറസാന്നിധ്യമായി നിലകൊള്ളുമ്പോള്‍ തന്നെ മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജീവിച്ച സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു സയ്യിദ് ഹാശിം കുഞ്ഞി തങ്ങള്‍.

കേരളത്തിലെ മത, സാംസ്‌കാരിക മേഖലകളിലും മത സൗഹാര്‍ദത്തിനും നല്‍കിയ സംഭാവനകളെ പരിഗണിച്ചാണ് സമദാനിക്ക് അവാര്‍ഡ് നല്‍കുന്നത്. പ്രമുഖ വാഗ്മിയും ബഹുഭാഷാ പണ്ഡിതനുമാണ് അബ്ദുസ്സമദ് സമദാനി. രാജ്യത്തെ പ്രശസ്ത രാഷ്ട്രീയ സാംസ്‌കാരിക വ്യക്തികളുടെ പ്രസംഗങ്ങള്‍ വിവര്‍ത്തനം ചെയ്യുന്നതില്‍ വിദഗ്ദ്ധനെന്ന നിലയില്‍ സമദാനി അറിയപ്പെട്ടു. മന്‍മോഹന്‍ സിംഗ്, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയ പ്രമുഖരുടെ പ്രസംഗങ്ങള്‍ അദ്ദേഹം വിവര്‍ത്തനം ചെയ്തു. എം.ടി. വാസുദേവന്‍ നായര്‍ അദ്ദേഹത്തെ 'വശ്യ വചസ്സ്' എന്ന് വിളിച്ചു.നിലവില്‍ ലോക് സഭാംഗമായി സേവനമനുഷ്ടിക്കുന്ന അദ്ദേഹം രാജ്യസഭയിലും നിയമ സഭയിലും അംഗമായിരുന്നു.

സയ്യിദ് അലി ബാ അലവി തങ്ങള്‍, അബ്ദുറഹ്‌മാന്‍ കല്ലായി, അഡ്വ. അബ്ദുല്‍ കരീം ചേലേരി, കെ.എന്‍ മുസ്തഫ, കെ പി അബൂബക്കര്‍ ഹാജി, കബീര്‍ കണ്ണാടിപ്പറമ്പ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ത്തിന് ഡോ. അബ്ദുസ്സമദ് സമദാനിയെ തിരഞ്ഞെടുത്തത്.

വാര്‍ത്താ സമ്മേളനത്തില്‍ ദാറുല്‍ ഹസനാത്ത് വൈസ് പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ കല്ലായി, ലീഗല്‍ അഡൈ്വസര്‍ അഡ്വ. അബ്ദുല്‍ കരീം ചേലേരി, ജനറല്‍ സെക്രട്ടറി കെ എന്‍ മുസ്തഫ, സെക്രട്ടറി കബീര്‍ കണ്ണാടിപ്പറമ്പ്, ചിഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഡോ. താജുദ്ദീന്‍ വാഫി എന്നിവര്‍ പങ്കെടുത്തു.

Tags: