തറയില്‍ കിടത്തിയിട്ട് ചികില്‍സിക്കുന്നത് പ്രാകൃത നിലവാരം; തിരുവനന്തപുരം മെഡിക്കല്‍ കോളജിനെതിരേ വിമര്‍ശനവുമായി ഡോ. ഹാരിസ് ചിറക്കല്‍

Update: 2025-11-08 09:30 GMT

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സ ലഭിക്കാതെ രോഗി മരിച്ചെന്ന ആരോപണത്തില്‍ പ്രതികരണവുമായി ഡോക്ടര്‍ ഹാരിസ് ചിറക്കല്‍. വേണുവിനെ തറയിലാണ് കിടത്തിയിരുന്നതെന്നും തറയില്‍ എങ്ങനെയാണ് ഒരാളെ കിടത്തുന്നതെന്നും ഹാരിസ് ചോദിച്ചു. തറയില്‍ കിടത്തി ചികില്‍സിക്കുന്നത് പ്രാകൃതമായ നിലവാരമാണെന്നും ഹാരിസ് പറഞ്ഞു.

നാടാകെ മെഡിക്കല്‍ കോളജ് തുടങ്ങിയിട്ട് കാര്യം ഇല്ലെന്നും സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ ഉള്ള ആശുപത്രികള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു. കോന്നി മെഡിക്കല്‍ കോളജ് തുടങ്ങിയെന്നും പക്ഷേ അവിടെ അടിസ്ഥാന സൗകര്യം കുറവാണെന്നും ഹാരിസ് ചിറയ്ക്കല്‍ ചൂണ്ടിക്കാട്ടി. ഒരിക്കല്‍ ഇത് ചൂണ്ടികാണിച്ചതാണെന്നും അന്ന് വളരെ വിഷമകരമായ അവസ്ഥ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. ന്യൂനത ചൂണ്ടികാണിക്കുക മാത്രമാണ് ചെയ്തത്. ആരെയും കുറ്റപ്പെടുത്തുക ആയിരുന്നില്ല ലക്ഷ്യം. ഒരുപാട് ആളുകളെ ഉള്‍കൊള്ളാനുള്ള സൗകര്യം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം സ്വദേശി വേണുവിന്റെ മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് അധികൃതരുടെ വാദം തെറ്റാണെന്ന് റിപോര്‍ട്ട് പുറത്തുവന്നിരുന്നു. ക്രിയാറ്റിന്‍ ലെവല്‍ കൂടിയതുകൊണ്ട് ആന്‍ജിയോഗ്രാം നടത്താന്‍ സാധ്യമല്ലായിരുന്നുവെന്ന മെഡിക്കല്‍ കോളജിന്റെ വാദം തള്ളിക്കൊണ്ട്, വേണുവിന്റെ ക്രിയാറ്റിന്‍ നില സാധാരണ പരിധിയിലായിരുന്നുവെന്ന റിപോര്‍ട്ടാണ് പുറത്തുവന്നത്.

ഒരു മനുഷ്യന്റെ ശരീരത്തില്‍ സാധാരണയായി ക്രിയാറ്റിന്‍ അളവ് 1.4 ആയിരിക്കണം. വേണുവിന്റെ പരിശോധനാഫലത്തില്‍ ചെറിയ വ്യത്യാസം മാത്രമായിരുന്നു കാണപ്പെട്ടത്. അതിനാല്‍, സാങ്കേതികമായി ആന്‍ജിയോഗ്രാം നടത്തുന്നതില്‍ തടസമൊന്നുമുണ്ടായിരുന്നില്ലെന്നും മെഡിക്കല്‍ രേഖകള്‍ വ്യക്തമാക്കുന്നു.

ഇതോടെ, ആന്‍ജിയോഗ്രാം നടത്താന്‍ സാധ്യമല്ലായിരുന്നുവെന്ന മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി വിഭാഗത്തിന്റെ വാദം തെറ്റായിരുന്നുവെന്ന് തെളിഞ്ഞിരിക്കുകയാണ്. ചികില്‍സാ വീഴ്ച്ചയാണ് ഭര്‍ത്താവിന്റെ മരണകാരണമെന്ന് വേണുവിന്റെ ഭാര്യ സിന്ധു ആരോപിച്ചിരുന്നു. ആശുപത്രിയില്‍ കട്ടില്‍ പോലും ലഭിച്ചില്ലെന്നും ഭര്‍ത്താവിനെ നിലത്ത് കിടത്തേണ്ടിവന്നെന്നും അവര്‍ പറഞ്ഞു.

Tags: