ആരോഗ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാം: ഡോ. ഹാരിസ്

Update: 2025-08-09 04:43 GMT

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ ഉപകരണം കാണാനില്ലെന്ന ആരോപണം സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയായി. കൂടുതല്‍ വിവാദങ്ങള്‍ക്കില്ലെന്ന് ഡോ. ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഏറ്റവും വേണ്ടപ്പെട്ടയാളാണെന്നും അവരെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'സംസ്ഥാന സര്‍ക്കാര്‍ എന്നും കൂടെ നിന്നിട്ടുണ്ട്. ആരോഗ്യമന്ത്രി ഏറ്റവും വേണ്ടപ്പെട്ടയാളാണ്. ഉപകരണം കാണാനില്ലെന്ന പരാതി ആരോ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാവാനാണ് സാധ്യത. ആ വിഷയത്തിലെ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്, അതിന്റെ റിപ്പോര്‍ട്ട് തിങ്കളാഴ്ച സമര്‍പ്പിക്കും. ബില്ലുകളും ഉപകരണവും തിരിച്ചറിയാതെ പോയതില്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. അങ്ങനെയൊക്കെ സംഭവിക്കാം.'-ഡോ. ഹാരിസ് പറഞ്ഞു.

'ഞാന്‍ ഉന്നയിച്ചിരുന്ന പരാതികള്‍ സര്‍ക്കാര്‍ തലത്തില്‍ എത്തിയിരുന്നില്ലെന്നാണ് മനസിലാക്കുന്നത്. ഇപ്പോള്‍, എത്തേണ്ടയിടങ്ങളിലേക്ക് പരാതി എത്തിയപ്പോള്‍ അവര്‍ ഓരോ പ്രശ്‌നങ്ങളായി പരിഹരിച്ചു കൊണ്ടിരിക്കുകയാണ്.' ഡോ. ഹാരിസ് പറഞ്ഞു. തന്റെ ഓഫീസ് റൂമില്‍ ആര്‍ക്കുവേണമെങ്കിലും കയറാമെന്നും അതില്‍ അസ്വാഭാവികതയില്ലെന്നും ഡോ. ഹാരിസ് പറഞ്ഞു. അഞ്ചുദിവസത്തെ അവധി കഴിഞ്ഞ സ്ഥിതിക്ക് ഡോ. ഹാരിസ് ഉടന്‍ ജോലിയില്‍ പ്രവേശിക്കും എന്നാണ് വിവരം.

അതേസമയം, ഡോ.ഹാരിസിനെതിരെ വാര്‍ത്താസമ്മേളനം നടത്തുമ്പോള്‍ പ്രിന്‍സിപ്പലിനെ ഫോണില്‍ വിളിച്ചത് താനാണെന്ന് ഡിഎംഇ ഡോ.വിശ്വനാഥന്‍ വെളിപ്പെടുത്തി. വിദഗ്ധസമിതി റിപ്പോര്‍ട്ട് തുടര്‍ന്നാണ് അന്വേഷണമെന്നും ഇക്കാര്യം മാത്രം പറഞ്ഞാല്‍ മതിയെന്നുമാണ് നിര്‍ദേശിച്ചതെന്നും ഡോ. വിശ്വനാഥന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ സംസാരിച്ചുകൊണ്ടിരിക്കെ സൂപ്രണ്ടിന്റെ ഫോണിലേക്ക് ആരോ വിളിച്ച് അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണമായി വായിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇക്കാര്യം സൂപ്രണ്ട് പറഞ്ഞതോടെ പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് വായിക്കുകയും ചെയ്തു. എന്നാല്‍ വാര്‍ത്താസമ്മേളനത്തിനിടെ പുറത്തുനിന്ന് ഒരാള്‍ നിര്‍ദേശം നല്‍കിയത് വിവാദമായതിനു പിന്നാലെയാണ് ഡിഎംഇ വിശദീകരണവുമായി രംഗത്തെത്തിയത്. അന്വേഷണ ഉദ്യോഗസ്ഥന്‍ എന്ന നിലയ്ക്കാണ് നിര്‍ദേശം നല്‍കിയതെന്നും ഡിഎംഇ പറഞ്ഞു.