തിരുവനന്തപുരം: എല്ലാ വാതിലുകളും കൊട്ടിയടച്ചപ്പോഴാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രതിസന്ധിയില്‍ പ്രതികരിച്ചതെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍. ആരോഗ്യവകുപ്പോ സര്‍ക്കാരോ അല്ല ആശുപത്രിയിലെ പ്രതിസന്ധിക്ക് കാരണം. ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.ഇതെന്റെ 'പ്രഫഷണല്‍ സൂയിസൈഡ്' ആണ്. എല്ലാ മാര്‍ഗങ്ങളും കൊട്ടിയടക്കപ്പെട്ടു, എല്ലാം പരാജയപ്പെട്ടപ്പോഴാണ് ഞാന്‍ അതിലേക്ക് പോയത്. ശിക്ഷാ നടപടികള്‍ വരുമെന്ന് ഉറപ്പുണ്ട്. ആരെങ്കിലും എതിര്‍ക്കുമെന്നായിരുന്നു ഞാന്‍ പ്രതീക്ഷിച്ചത്. എന്നാല്‍, ഒരാള്‍ പോലും എതിര്‍ത്തില്ല. ജനങ്ങളും ഇടതുപക്ഷപാര്‍ട്ടികളുള്‍പ്പെടെയുള്ളവര്‍ പിന്തുണച്ചു.
മുഖ്യമന്ത്രി പറഞ്ഞത് ഒരു പരിധിവരെ ശരിയാണ്. അഭിപ്രായം തുറന്നുപറയുമ്പോള്‍ ആരോഗ്യമേഖലയ്ക്ക് ഇടിച്ചില്‍ ഉണ്ടാകും. എന്നാല്‍, അത് പരിഹരിച്ചാല്‍ ആരോഗ്യമേഖലയുടെ വളര്‍ച്ച ഉദ്ദേശിക്കുന്നതിനേക്കാള്‍ വളരെ വേഗത്തിലായിരിക്കും. മുഖ്യമന്ത്രി എന്റെ ഗുരുനാഥനാണ്. ഇടതുപക്ഷ സഹയാത്രികന്‍ എന്ന നിലയ്ക്ക് ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. അദ്ദേഹം എന്നെ എന്ത് ചെയ്താലും അദ്ദേഹത്തോടുള്ള ബഹുമാനത്തിന് ഒരു കുറവും ഉണ്ടാകില്ലെന്നും ഹാരിസ് ചിറക്കല്‍ പറഞ്ഞു.