''രോഗികളോടാണ് കടപ്പാട്; സര്‍ക്കാര്‍ കോളജില്‍ പഠിച്ചതിനാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നു''-ഡോ. ഹാരിസ് ചിറയ്ക്കല്‍
തിരുവനന്തപുരം: രാഷ്ട്രീയ വിവാദം ഉണ്ടാക്കാന്‍ ഉദ്ദേശിച്ചല്ല മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രതിസന്ധിയെ കുറിച്ച് പറഞ്ഞതെന്ന് യൂറോളജി വിഭാഗം മേധാവി ഹാരിസ് ചിറയ്ക്കല്‍. പറഞ്ഞ കാര്യങ്ങളെല്ലാം പരമാര്‍ഥമാണ്. ഇക്കാര്യങ്ങള്‍ മേലധികാരികളെയൊക്കെ അറിയിച്ചിട്ടുണ്ടായിരുന്നു. റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ മേലധികാരികളെ അറിയിക്കാതിരിക്കുന്നതില്‍ വീഴ്ചവരുത്തിയിട്ടുണ്ടോ എന്ന് സംശയമുണ്ട്. ആരും നേരിട്ടെത്തി അന്വേഷണം നടത്തുകയോ വിളിക്കുകയോ ചെയ്തിട്ടില്ല. രോഗികളോട് കടപ്പാടുണ്ട്. അതുകൊണ്ട് ഭയപ്പെട്ടിട്ട് കാര്യമില്ല. ഇക്കാര്യങ്ങളൊന്നും ആരോഗ്യമന്ത്രി അറിയുന്നുണ്ടാവില്ല. ആശുപത്രിയുടെ മേലധികാരികള്‍ മുകളിലേക്ക് അറിയിക്കുന്നതിലെ വീഴ്ചയാണ് പ്രശ്നം. മെഡിക്കല്‍ കോളേജിലെ എല്ലാ വകുപ്പുകളിലും പ്രശ്നങ്ങളുണ്ട്. വാങ്ങുന്ന ഉപകരണങ്ങള്‍ത്തന്നെ ചിലത് ഉപയോഗിക്കാനാവാത്തതാണ്.
ആശുപത്രിയിലേക്ക് പല ഉപകരണങ്ങളും രോഗികള്‍ തന്നെ വാങ്ങിച്ചുതരുന്നുണ്ട്. ആര്‍ഐആര്‍എസ് എന്ന ഉപകരണം വാങ്ങിത്തരാന്‍ പലതവണ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. രോഗികള്‍ തന്നെ ഇത് വാങ്ങിച്ചുതരുന്നതുകൊണ്ട് സര്‍ജറി മുടങ്ങാതെ പോവുന്നു. അപേക്ഷിച്ചും ഇരന്നുമാണ് ഉപകരണങ്ങള്‍ വാങ്ങുന്നത്. അത് മടുത്തതുകൊണ്ടാണ് അങ്ങനെയൊരു പോസ്റ്റിട്ടത്. കൊച്ചിയിലെ ഒരു കമ്പനിയില്‍നിന്നാണ് ആര്‍ഐആര്‍എസ് വാങ്ങുന്നത്. അവര്‍ അയച്ചുതരുന്നതു പ്രകാരം രോഗികള്‍ അവരുടെ ഗൂഗിള്‍പേയിലേക്ക് പണമടക്കുകയോ അല്ലെങ്കില്‍ അവരുടെ ഏജന്റ് വന്ന് പണം വാങ്ങുകയോ ആണ് ചെയ്യുന്നത്. ഉപകരണങ്ങള്‍ക്ക് പലയാളുകള്‍ പണം നല്‍കുന്നതും ഏജന്റുമാര്‍ വന്ന് പണം വാങ്ങുന്നതും ഡോക്ടര്‍മാരെ സംബന്ധിച്ച് പ്രതിസന്ധിയാണ്. ഒരു വിജിലന്‍സ് അന്വേഷണം വന്നാല്‍ ഇതൊക്കെ തങ്ങള്‍ക്ക് വലിയ പ്രതിസന്ധി വരുത്തും. തങ്ങള്‍ കൈക്കൂലി വാങ്ങി എന്നതടക്കം പ്രചരിപ്പിക്കപ്പെടാമെന്നും ഡോക്ടര്‍ പറഞ്ഞു.
സര്‍ക്കാര്‍ കോളേജില്‍ പഠിച്ചതിനാല്‍ സര്‍ക്കാരിന് സര്‍വീസ് ചെയ്യണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് ഇവിടെ ജോലിചെയ്യുന്നത്. കൂടെപ്പഠിച്ചവരെല്ലാം സര്‍ക്കാര്‍ ജോലി വിട്ട് പ്രൈവറ്റ് മേഖലയിലേക്ക് മാറി കോടീശ്വരന്മാരായെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ ഉപകരണങ്ങളില്ലാതെ ഗുരുതര പ്രതിസന്ധി നേരിടുന്നുവെന്ന് കഴിഞ്ഞദിവസമാണ് ഡോക്ടര്‍ ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.
