കാര്‍ഗോ വികസനം; ഡിപി വേള്‍ഡും കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയും ധാരണപത്രം ഒപ്പുവച്ചു

Update: 2025-11-04 07:00 GMT

കൊച്ചി: വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍ഷിപ്മെന്റ് ടെര്‍മിനലില്‍ (ഐസിടിടി) കാര്‍ഗോ കൈകാര്യം ചെയ്യുന്ന അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ വികസിപ്പിക്കുന്നതിനായി ഡിപി വേള്‍ഡും കൊച്ചി പോര്‍ട്ട് അതോറിറ്റിയും (സിഒപിഎ) ധാരണപത്രം ഒപ്പുവച്ചു.

മുംബൈയില്‍ നടന്ന ഇന്ത്യ മാരിടൈം വീക്കിന്റെ ഭാഗമായി ധാരണപത്രം കൈമാറുകയായിരുന്നു. സിഒപിഎ ചെയര്‍പേഴ്‌സണ്‍ ബി കാശിവിശ്വനാഥനും, ഡിപി വേള്‍ഡ് മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക, ഇന്ത്യ ഉപഭൂഖണ്ഡം എന്നിവയുടെ സിഇഒയും മാനേജിങ് ഡയറക്ടറുമായ റിസ്‌വാന്‍ സൂമറും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. കരാറിന്റെ ഭാഗമായി കൊച്ചി തുറമുഖത്ത് ചരക്കു കൈകാര്യം ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തുകയും ഭാവിയിലെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായി സമുദ്രവ്യാപാരവുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ നവീകരിക്കുകയും ചെയ്യും.

കൊച്ചി ടെര്‍മിനല്‍ പ്രദേശത്തെ വ്യാപാര, ഗതാഗത മേഖലകള്‍ക്ക് കൂടുതല്‍ കാര്യക്ഷമതയും ആഗോള നിലവാരത്തിലുള്ള കയറ്റുമതി സൗകര്യങ്ങളും ഉറപ്പാക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഡിപി വേള്‍ഡ് അധികൃതര്‍ വ്യക്തമാക്കി.

Tags: