''സ്ത്രീധനം കൊടുത്താല്‍ കുറ്റമില്ല, വാങ്ങുന്നത് കുറ്റം''; നിയമം മാറ്റുന്നു

Update: 2025-07-19 02:58 GMT

തിരുവനന്തപുരം: സ്ത്രീധനം കൊടുക്കുന്നത് കുറ്റകരമാണെന്ന വ്യവസ്ഥ ഒഴിവാക്കും. വരനോ, വരന്റെ ബന്ധുക്കളോ സ്ത്രീധനം വാങ്ങുന്നതുമാത്രം കുറ്റകരമാക്കുന്ന രീതിയിലുള്ള നിയമഭേദഗതി ബില്ലിന്റെ കരട് നിയമപരിഷ്‌കരണ കമ്മിഷന്‍ സര്‍ക്കാരിന് കൈമാറി.

നിലവിലെ നിയമത്തില്‍ സ്ത്രീധനം നല്‍കുന്നതും വാങ്ങുന്നതും കുറ്റകരമാണ്. അതിനാല്‍ തന്നെ ഭര്‍ത്താവും സംഘവും സ്ത്രീധനം തട്ടിയെടുത്താല്‍ പരാതി നല്‍കാന്‍ വധുവും കുടുംബവും ഭയക്കുന്നു. അത് ഒഴിവാക്കാനാണ് ഭേദഗതി കൊണ്ടുവരുന്നത്. വിവാഹത്തിനുശേഷം സ്ത്രീധനത്തിന്റെപേരില്‍ സ്ത്രീകള്‍ക്കുനേരേയുണ്ടാകുന്ന ഗാര്‍ഹികപീഡനവും സ്ത്രീധനനിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരും.

സ്ത്രീധനത്തിന്റെപേരില്‍ ഭര്‍ത്താവ് നേരിട്ടോ അല്ലാതെയോ ഭാര്യയെ മാനസികമായോ ശാരീരികമായോ പീഡിപ്പിച്ചാല്‍ രണ്ടുവര്‍ഷംവരെ തടവും 25,000 രൂപ പിഴയുമാണ് നിര്‍ദേശിച്ചിരിക്കുന്നത്. നേരിട്ടോ അല്ലാതെയോ സ്ത്രീധനം ആവശ്യപ്പെട്ടാല്‍ ആറുമാസംമുതല്‍ രണ്ടുവര്‍ഷംവരെ തടവിനൊപ്പം പിഴത്തുക 50,000 രൂപയായി ഉയര്‍ത്തി. നിലവില്‍ പതിനായിരമായിരുന്നു പിഴ. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സംസ്ഥാനത്ത് 99 സ്ത്രീകള്‍ സ്ത്രീധനത്തിന്റെപേരില്‍ കൊല്ലപ്പെടുകയോ ജീവനൊടുക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് പോലിസിന്റെ കണക്കുകള്‍ പറയുന്നത്.