സ്ത്രീധന പീഡനം; ഗര്‍ഭിണിയായ യുവതി തൂങ്ങിമരിച്ചു

Update: 2025-08-29 05:49 GMT

ബെംഗളൂരു: സ്ത്രീധന പീഡനത്തിന്റെ പേരില്‍ ബെംഗളൂരുവില്‍ 27കാരി തൂങ്ങിമരിച്ചു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് പ്രവീണിനെ അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഭര്‍തൃവീട്ടുകാരില്‍ നിന്നുള്ള നിരന്തരമായ സ്ത്രീധന പീഡനമാണ് ശില്‍പയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അവരുടെ കുടുംബം ആരോപിച്ചു.

ഇന്‍ഫോസിസില്‍ മുമ്പ് ജോലി ചെയ്തിരുന്ന ശില്‍പ, പ്രവീണിനെ വിവാഹം കഴിച്ചിട്ട് ഏകദേശം രണ്ടര വര്‍ഷമായി. ദമ്പതികള്‍ക്ക് ഒന്നര വയസ്സുള്ള ഒരു കുട്ടിയുണ്ട്. ശില്‍പ ഗര്‍ഭിണിയാണെന്ന് അവരുടെ കുടുംബം പറയുന്നു. വിവാഹത്തിന് മുമ്പ് പ്രവീണിന്റെ കുടുംബം 15 ലക്ഷം രൂപയും 150 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളും വീട്ടുപകരണങ്ങളും ആവശ്യപ്പെട്ടതായി ശില്‍പയുടെ മാതാപിതാക്കള്‍ പരാതിയില്‍ പറഞ്ഞു.

ഈ ആവശ്യങ്ങള്‍ നിറവേറ്റിയിട്ടും, വിവാഹശേഷം കൂടുതല്‍ പണത്തിനും വിലപിടിപ്പുള്ള വസ്തുക്കള്‍ക്കും വേണ്ടി ശില്‍പയെ ഉപദ്രവിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. ഗ്രേറ്റര്‍ നോയിഡയില്‍ സ്ത്രീധനം ലഭിക്കാത്തതിനെ തുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍ 26 കാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ സംഭവം.

Tags: