നവജാത ശിശുക്കളുടെ കൊലപാതകം; ഇന്ന് കുഴികള്‍ പരിശോധിക്കും

Update: 2025-06-30 02:33 GMT

തൃശൂര്‍: രണ്ടു നവജാത ശിശുക്കളെ അമ്മ കൊന്ന് കുഴിച്ചിട്ട സ്ഥലങ്ങള്‍ ഇന്ന് പോലിസ് പരിശോധിക്കും. പ്രതികളായ അനീഷയേയും ഭവിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് പരിശോധനകള്‍ നടക്കുക.ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടവരാണ് അനീഷയും ഭവിനും. 2021 നവംബര്‍ 6 നായിരുന്നു ആദ്യത്തെ കുട്ടിയെ അനീഷ കൊലപ്പെടുത്തിയത്. കൊലനടത്തിയ അന്ന് തന്നെ യുവതി കുഞ്ഞിനെ സ്വന്തം വീട്ടുവളപ്പില്‍ കുഴിച്ചു മൂടി. 8 മാസത്തിന് ശേഷം കുഴി തോണ്ടി അസ്ഥികള്‍ പുറത്തെടുത്ത് ഭവിന് കൈമാറി.

2024 ആഗസ്റ്റ് 29നാണ് രണ്ടാമത്തെ കുട്ടിയെ കൊലപ്പെടുത്തിയത്. തുണിയില്‍ പൊതിഞ്ഞ് സൂക്ഷിച്ച കുഞ്ഞിന്റെ മൃതദേഹം ആഗസ്റ്റ് 30 ന് അനീഷ ഭവിന്റെ വീട്ടിലെത്തിച്ചു. ഭവിന്റെ വീടിന് പിന്നിലെ തോട്ടില്‍ കുഴിച്ചു മൂടിയ മൃതദേഹം 4 മാസങ്ങള്‍ക്ക് ശേഷമാണ് പുറത്തെടുത്തത്.

ഗര്‍ഭിണിയായ അനീഷ പ്രസവിച്ചത് യുട്യൂബ് നോക്കിയാണെന്നും പോലിസ് സ്ഥിരീകരിച്ചു. ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ച അനീഷ ഈ പരിചയം ഉപയോഗിച്ചാണ് ശുചിമുറിയില്‍ പ്രസവിച്ചത്. ഗര്‍ഭിണിയായിരുന്ന കാലത്ത് അനീഷ വീട്ടുകാരെ പറ്റിക്കാന്‍ വയറില്‍ തുണിക്കെട്ടി ഗര്‍ഭാവസ്ഥ മറച്ചുവയ്ക്കുകയായിരുന്നു. രണ്ടു പ്രസവക്കാലവും മറച്ചു പിടിക്കാന്‍ ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കിയതായും പോലിസ് വ്യക്തമാക്കി.

ആദ്യ ഗര്‍ഭകാലത്ത് സംശയം പ്രകടിപ്പിച്ച അയല്‍വാസികള്‍ക്കെതിരെ അപവാദ പ്രചാരണം ആരോപിച്ച് അനീഷയുടെ കുടുംബം പോലിസിനെ സമീപിച്ചിരുന്നു. അയല്‍വാസി ഗിരിജയാണ് അനീഷ ഗര്‍ഭിണിയാണ് എന്ന സംശയം അനീഷയുടെ കുടുംബവുമായി പങ്കുവെച്ചത്. എന്നാല്‍ അപവാദം പ്രചരിപ്പിക്കുന്നു എന്ന് പറഞ്ഞ് വെള്ളിക്കുളങ്ങര പോലിസില്‍ പരാതി നല്‍കുകയാണ് അനീഷയുടെ കുടുംബം ചെയ്തത്. പോലിസ് മധ്യസ്ഥതയില്‍ അന്ന് പ്രശ്‌നം പറഞ്ഞു തീര്‍ത്തു. ശരീരഘടനയിലെ മാറ്റം ചോദിച്ചവരോട് ഹോര്‍മോണ്‍ വ്യതിയാനം എന്നാണ് അനീഷ പറഞ്ഞിരുന്നത്.