ഇരട്ടക്കൊലപാതക കേസ്; മുന്‍ ബിഎസ്പി എംഎല്‍എ ഛോട്ടേ സിങ് ചൗഹാന് ജീവപര്യന്തം
ന്യൂഡല്‍ഹി: രണ്ടുസഹോദരന്മാരെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ബിഎസ്പി എംഎല്‍എ ഛോട്ടേ സിങ് ചൗഹാന് ജീവപര്യന്തം. ഒറായ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതിയുടേതാണ് വിധി. 31 വര്‍ഷം പഴക്കമുള്ള ഇരട്ടക്കൊലപാതക കേസിലാണ് കോടതിയുടെ ഉത്തരവ്. വാദം കേട്ട ശേഷം ജഡ്ജി ഭരതേന്ദു സിംഗ് ഛോട്ടേ സിങ് ചൗഹാനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. ശിക്ഷ പ്രഖ്യാപിച്ചയുടന്‍ പ്രദേശത്ത് വന്‍തോതില്‍ പോലിസിനെ വിന്യസിച്ചു. കോടതിയില്‍ കീഴടങ്ങിയ സിങിനെ അറസ്റ്റ് ചെയ്തു.
1994 മെയ് 30 നാണ് ചുര്‍ഖി പോലിസ് സ്റ്റേഷന്‍ പ്രദേശത്തെ ബിനോര ബൈദ് ഗ്രാമത്തില്‍ അതേ ഗ്രാമത്തിലെ രാജ്കുമാര്‍ എന്ന രാജ ഭയ്യയും സഹോദരന്‍ ജഗദീഷ് ശരണും വെടിയേറ്റ് കൊല്ലപ്പെട്ടത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കൊലപാതകത്തിനു കാരണം. ചിലര്‍ ആയുധങ്ങളുമായി തന്റെ വീട്ടില്‍ എത്തി വിവേചനരഹിതമായി വെടിയുതിര്‍ത്തതായും അതില്‍ തന്റെ രണ്ട് സഹോദരന്മാര്‍ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി രാംകുമാര്‍ എന്നയാള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു.
സംഭവത്തിന് ശേഷം, എല്ലാ പ്രതികള്‍ക്കെതിരെയും പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍, ഛോട്ടേ സിംഗ് ചൗഹാന്‍, അഖിലേഷ് കൃഷ്ണ മുരാരി, ബച്ച സിംഗ്, ചുന്ന സിംഗ് എന്നിവരുടെ പേരുകള്‍ പുറത്തുവന്നു. അന്വേഷണം പൂര്‍ത്തിയാക്കി കേസില്‍ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു. 2007 മുതല്‍ 2012 വരെ കല്‍പി പ്രദേശത്തെ ബിഎസ്പി എംഎല്‍എയും നിലവില്‍ ബിജെപി നേതാവുമായിരുന്നു ഛോട്ടേ സിംഗ് ചൗഹാന്‍.
