സിബിൽ സ്കോറില്ലെന്ന് മാത്രം പറഞ്ഞ് വായ്പ നിരസിക്കരുത്; ധനകാര്യ മന്ത്രാലയം
ന്യൂഡൽഹി: ആദ്യമായി വായ്പ എടുക്കുന്നവരുടെ അപേക്ഷകൾ സിബിൽ സ്കോറില്ലെന്ന കാരണത്താൽ മാത്രം നിരസിക്കരുതെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വായ്പ അനുവദിക്കുമ്പോൾ പ്രത്യേകമായ ക്രെഡിറ്റ് സ്കോർ നിർബന്ധമാക്കിയിട്ടില്ലെന്നും ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയിലെ മൺസൂൺ സമ്മേളനത്തിൽ അറിയിച്ചു.
2025 ജനുവരി 6ന് ആർബിഐ പുറത്തിറക്കിയ മാസ്റ്റർ ഡയറക്ഷൻ പ്രകാരം, ക്രെഡിറ്റ് ഹിസ്റ്ററിയില്ലാത്ത ആദ്യ വായ്പാ അപേക്ഷകരെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വെറും സ്കോർ ഇല്ലെന്ന പേരിൽ നിരസിക്കരുതെന്നതാണ് നിർദേശം.
സിബിൽ സ്കോർ 300 മുതൽ 900 വരെ വ്യത്യാസപ്പെടുന്ന മൂന്നക്ക സംഖ്യയാണ്, കടം വാങ്ങുന്നവരുടെ ക്രെഡിറ്റ് ഹിസ്റ്ററിയുടെ നിലവാരം വ്യക്തമാക്കുന്ന സൂചികയായി ഇത് പ്രവർത്തിക്കുന്നു. വായ്പ അനുവദിക്കുമ്പോൾ ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും സാധാരണയായി സിബിൽ സ്കോർ പരിഗണിക്കാറുണ്ട്. കുറഞ്ഞ സ്കോർ വായ്പ ലഭിക്കാതിരിക്കാനുള്ള സാധ്യത ഉയർത്തുമ്പോൾ, നല്ല സ്കോർ വായ്പാ സാധ്യത വർധിപ്പിക്കും.
ഇഎംഐകളും ക്രെഡിറ്റ് കാർഡ് ബില്ലുകളും കൃത്യസമയത്ത് അടച്ചും ക്രെഡിറ്റ് കാർഡ് ഉപയോഗ പരിധിയുടെ 30–40% ൽ താഴെയാക്കിയും സിബിൽ സ്കോർ മെച്ചപ്പെടുത്താൻ കഴിയും.
ട്രാൻസ് യൂണിയൻ സിബിൽ നടത്തിയ പഠനമനുസരിച്ച്, ഇന്ത്യയിൽ ആദ്യമായി വായ്പയെടുക്കുന്നവരിൽ 41% പേർക്ക് മുൻകാല ക്രെഡിറ്റ് ഹിസ്റ്ററിയില്ല.
വായ്പ നൽകുന്നവർക്ക് സിബിൽ സ്കോർ മാത്രം ആശ്രയിച്ചുള്ള തീരുമാനങ്ങൾ ഒഴിവാക്കി, അപേക്ഷകന്റെ സാമ്പത്തിക ശേഷിയും തിരിച്ചടവിന്‍റെ കഴിവും പരിഗണിക്കണമെന്ന്
ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.
