'മാറാട് കലാപം വീണ്ടും പറഞ്ഞ് ജനങ്ങളുടെ മനസ്സ് വേദനിപ്പിക്കരുത്'; ഖലീല്‍ ബുഖാരി തങ്ങള്‍

മാറാട് കലാപവും ബാബരി മസ്ജിദ് വിഷയവും രണ്ടും രണ്ടാണെന്നും ഖലീല്‍ ബുഖാരി തങ്ങള്‍

Update: 2026-01-11 12:12 GMT

കൊച്ചി: മാറാട് കലാപം വീണ്ടും പറഞ്ഞ് ജനങ്ങളുടെ മനസ്സ് വേദനിപ്പിക്കരുതെന്നും ബാബരി വിഷയവും മാറാട് കലാപവും രണ്ടും രണ്ടാണെന്നും കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍. എല്ലാവരും മറന്നുതുടങ്ങിയ കാര്യമാണ് മാറാട് വിഷയമെന്നും ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. കേരളയാത്രയുടെ ഭാഗമായി കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുന്നി സംഘടനകള്‍ക്കിടയില്‍ നിലവില്‍ ഐക്യമുണ്ട്. തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചല്ല കേരള യാത്ര. നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പരിപാടിയെന്നും അദ്ദേഹം വ്യക്തമാക്കി.

'മൂവാറ്റുപുഴ കേന്ദ്രമായി പുതിയ ജില്ല രൂപീകരിക്കണം. മലയോര കാര്‍ഷിക മേഖലയുടെ വികസനത്തിന് ഇതാവശ്യമാണ്. എറണാകുളം എഡ്യു ഹബ്ബാക്കണം. തുരുത്തി ഫ്‌ലാറ്റ് പൂര്‍ണമായും ജനങ്ങളുടെ കയ്യിലേക്കെത്തിക്കണം. മെട്രോ പൊളിറ്റന്‍ സമിതിക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കണം. ഫോര്‍ട്ട് കൊച്ചിയില്‍ വികസനം വേണം. കളമശ്ശേരി മെഡിക്കല്‍ കോളേജ് നവീകരിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് കേരള യാത്ര മുന്നോട്ടുവെച്ചത്.