നിമിഷ പ്രിയക്ക് മാപ്പുകൊടുക്കരുത്; വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് യമനില്‍ വ്യാപക പ്രചാരണം
കോഴിക്കോട്: നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് യമനില്‍ വ്യാപക പ്രചാരണം. സോഷ്യല്‍ മീഡിയയിലൂടെ നിമിഷപ്രിയക്ക് മാപ്പു കൊടുക്കരുതെന്ന തരത്തില്‍ നിരവധി പോസ്റ്റുകളാണ് ഉയരുന്നത്. പലരും നിമിഷ കൊലപ്പെടുത്തിയ തലാലിന്റെ കുടുംബം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്തു.
നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് ഇത്തരത്തിലൊരു പ്രചാരണം. മലയാളം മീഡിയയില്‍ വന്ന വാര്‍ത്തകളടക്കം പങ്കുവെച്ചാണ് പലരും നിമിഷക്കെതിരേ ശബ്ദമുയര്‍ത്തുന്നതെന്ന് മധ്യസ്ഥര്‍ അറിയിച്ചു.
അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നത് ഇതുവരെയും കൊല്ലപ്പെട്ട തലാലിന്റെ കുടുംബം സമ്മതിച്ചിട്ടില്ല. ദൈവനീതി നടപ്പാക്കണമെന്നാണ് അവര്‍ പറയുന്നത്. ഇനിയും ചര്‍ച്ച വേണ്ടിവരുമെന്ന് പ്രതിനിധികള്‍ അറിയിച്ചു. ചര്‍ച്ചകള്‍ ചിലപ്പോള്‍ നീണ്ടേക്കാമെന്നും മധ്യസ്ഥ സംഘത്തിലെ പ്രതിനിധികള്‍ അറിയിച്ചു.