ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ അധിക തീരുവ വരും ദിവസങ്ങളില്‍ കുറയ്ക്കുമെന്ന് ഡോണള്‍ഡ് ട്രംപ്

Update: 2025-11-11 05:54 GMT

വാഷിങ്ടണ്‍: ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ തീരുവകളെക്കുറിച്ച് സുപ്രധാന പ്രസ്താവന നടത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിലവില്‍ ഇന്ത്യയ്ക്ക് മേലുള്ള യുഎസ് തീരുവ വളരെ ഉയര്‍ന്നതാണെന്നും എന്നാല്‍ വരും ദിസങ്ങളില്‍ അത് കുറയ്ക്കുമെന്നുമാണ് പ്രസ്താവന. യുഎസും ഇന്ത്യയും തമ്മില്‍ ഒരു പുതിയ വ്യാപാര കരാര്‍ തയ്യാറാക്കുന്നുണ്ടെന്നും അത് മുന്‍ കരാറുകളില്‍ നിന്ന് വളരെ വ്യത്യസ്തവും നീതിയുക്തവുമാകുമെന്നും ട്രംപ് പറഞ്ഞു.

നേരത്തെ, ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡറും ദക്ഷിണേഷ്യയിലേക്കുള്ള പ്രത്യേക പ്രതിനിധിയുമായ സെര്‍ജിയോ ഗോറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ട്രംപ് ഇന്ത്യയെ പ്രശംസിച്ചിരുന്നു. ഇന്ത്യ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നാഗരികതകളില്‍ ഒന്നാണെന്നും ഏറ്റവും വലിയ രാജ്യമാണെന്നും 1.5 ബില്യണിലധികം ജനങ്ങള്‍ വസിക്കുന്ന രാജ്യമാണെന്നും ട്രംപ് പറഞ്ഞു. പ്രധാനമന്ത്രി മോദിയുമായുള്ള ബന്ധം മികച്ചതാണെന്നും സെര്‍ജിയോ ഗോര്‍ അതിനെ കൂടുതല്‍ ശക്തിപ്പെടുത്തിയെന്നും ട്രംപ് വ്യക്തമാക്കി. യുഎസും ഇന്ത്യയും തമ്മിലുള്ള തന്ത്രപരവും സാമ്പത്തികവും സുരക്ഷാപരവുമായ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ് ഗോറിന്റെ പങ്കെന്നും ട്രംപ് പറഞ്ഞു.

Tags: