നായ്ക്കള്‍ക്ക് തങ്ങളെ ഭയക്കുന്നവരുടെ ഗന്ധം തിരിച്ചറിയാന്‍ കഴിയും, അവ ആക്രമിക്കും; തെരുവുനായ വിഷയത്തില്‍ സുപ്രിംകോടതി
ന്യൂഡല്‍ഹി: തന്നെ കണ്ട് പേടിക്കുന്ന മനുഷ്യരെ മണം കൊണ്ട് തിരിച്ചറിയുന്ന പട്ടി അവരെ കടിക്കുമെന്ന് ഉറപ്പാണെന്ന് സുപ്രിംകോടതി. തെരുവുനായ്ക്കളുടെ വിഷയത്തില്‍ വാദം കേള്‍ക്കവെയാണ് കോടതി ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയത്. ജസ്റ്റസ് വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍വി അന്‍ഞ്ജാരിയ എന്നിവരുടെ ബെഞ്ചാണ് വാദം കേട്ടത്. മൃഗസ്‌നേഹികള്‍ ഈ വാദം അംഗീകരിക്കുന്നില്ലെങ്കിലും സത്യം അതാണെന്ന് മനസിലാക്കണമെന്നും അത് നിങ്ങളുടെ വളര്‍ത്തുനായ ആണെങ്കില്‍ പോലും ആക്രമിക്കുമെന്നും കോടതി നിരീക്ഷിച്ചു.
തെരുവുനായ്ക്കളുടെ കടിയേല്‍ക്കാതിരിക്കാന്‍ സ്‌കൂളുകളും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മതില്‍ പോലുള്ള സുരക്ഷാ കവചങ്ങള്‍ നിര്‍മ്മിക്കണമെന്നും കോടതി ഉത്തരവിട്ടു.
ശരിയായ രീതിയില്‍ നായ്ക്കളുടെ വന്ധ്യകരണ പദ്ധതികള്‍ നടപ്പാക്കാത്തതാണ് തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്ന സംഭവങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനു കാരണമെന്നും കോടതി വ്യക്തമാക്കി. വിഷയത്തില്‍ കോടതിയില്‍ നാളെയും വാദം തുടരും.
തെരുവുനായ വിഷയം ദേശീയ ശ്രദ്ധയിലേക്ക് എത്തിയ വര്‍ഷമാണ് 2025. ഡല്‍ഹി നഗരസഭാഅതോറിറ്റിയോട് തെരുവുനായ വിഷയത്തില്‍, നായ്ക്കളെ ഷെല്‍റ്ററിലേക്ക് മാറ്റുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ കോടതി പുറപ്പെടുവിച്ചിരുന്നു. 2025 നവംബറില്‍ സംസ്ഥാന സര്‍ക്കാരിനോടും ദേശീയപാതാ അതോറിറ്റിയോടും റോഡില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കളെ മാറ്റിപാര്‍പ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അക്കാര്യത്തില്‍ കോടതി നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
