ഹൈക്കോടതി ഹാളില്‍ മരപ്പട്ടി മൂത്രമൊഴിച്ചു; കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ച് ചീഫ് ജസ്റ്റിസ്

Update: 2025-08-19 09:47 GMT

കൊച്ചി: മരപ്പട്ടി ശല്യത്തെ തുടര്‍ന്ന് ഹൈക്കോടതി ചീഫ്ജസ്റ്റിസിന്റെ കോടതിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇന്നലെ രാത്രി കോടതി മുറിക്കുള്ളിലെ സീലിങ് വഴി ഉള്ളിലെത്തിയ മരപ്പട്ടി ഹാളില്‍ മൂത്രമൊഴിച്ചതിനെ തുടര്‍ന്ന് രൂക്ഷമായ ദുര്‍ഗന്ധം പരന്നു. അഭിഭാഷകര്‍ ഇരിക്കുന്ന പ്രദേശത്തായിരുന്നു ഇത്. രാവിലെ അടിയന്തരമായി കേള്‍ക്കേണ്ട കേസുകള്‍ പരിഗണിച്ച ശേഷം ചീഫ് ജസ്റ്റിസിന്റ ബെഞ്ച് ഇന്നത്തെ സിറ്റിങ് അവസാനിപ്പിക്കുകയായിരുന്നു. ബാക്കി കേസുകള്‍ മറ്റു ദിവസങ്ങളിലേക്കു മാറ്റി. കോടതി മുറിയില്‍ അടിയന്തരമായി അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതിനാലാണ് ഇന്നത്തേക്ക് സിറ്റിങ് നിര്‍ത്തിവച്ചത്. പ്രശ്‌നമുണ്ടാക്കിയ മരപ്പട്ടിയെ ഇന്നലെ രാത്രി തന്നെ വനംവകുപ്പ് ജീവനക്കാര്‍ പിടികൂടിയിരുന്നു. മൂന്നു കിലോയോളം ഭാരമുണ്ട് ഈ മരപ്പട്ടിക്ക്.