എസ്‌ഐആര്‍ സര്‍വേക്കെത്തിയ ബിഎല്‍ഒയ്ക്ക് നേരെ നായയെ അഴിച്ചുവിട്ട് വീട്ടുടമ

Update: 2025-11-06 10:20 GMT

കോട്ടയം: എസ്‌ഐആറിന്റെ ഭാഗമായുള്ള വിവരശേഖരണത്തിനായി വീട്ടിലെത്തിയ ബൂത്ത് ലെവല്‍ ഓഫിസര്‍ (ബിഎല്‍ഒ) നായയുടെ ആക്രമണത്തില്‍ പരിക്ക്. ഇന്ന് രാവിലെ കോട്ടയം പാക്കിലിലാണ് സംഭവം.

വിവരശേഖരണത്തിനായി വീട്ടിലെത്തിയ ബിഎല്‍ഒക്ക് നേരേ വീട്ടുടമ നായയെ അഴിച്ചുവിട്ടതായാണ് വിവരം. നായയുടെ കടിയേറ്റ് ബിഎല്‍ഒയുടെ കഴുത്തിനും മുഖത്തിനും പരിക്കേറ്റു. 'ഡ്യൂട്ടിയിലുള്ളപ്പോള്‍ നിരവധി തവണ ഇത്തരം ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. സര്‍വേ നടത്താന്‍ ബുദ്ധിമുട്ടുണ്ട്,' പരിക്കേറ്റ ഉദ്യോഗസ്ഥ പറഞ്ഞു. കോട്ടയം ജില്ലയില്‍ മൊത്തം 1500ലധികം ബിഎല്‍ഒമാരെയാണ് വിവരശേഖരണത്തിനായി നിയോഗിച്ചിരിക്കുന്നത്.

നവംബര്‍ നാലിനു ആരംഭിച്ച എസ്‌ഐആര്‍ വിവരശേഖരണം ഡിസംബര്‍ നാലു വരെ തുടരും. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട 2.78 കോടി പേരുടെ വീടുകളിലെത്തി എന്യൂമറേഷന്‍ ഫോമുകള്‍ വിതരണം ചെയ്ത് പൂരിപ്പിച്ചെടുത്ത ശേഷം രസീതും കൈമാറും. കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ ഒന്‍പതിനു പ്രസിദ്ധീകരിക്കും. തുടര്‍ന്ന് ജനുവരി എട്ടു വരെ ആക്ഷേപങ്ങളും പരാതികളും സമര്‍പ്പിക്കാം. ഹിയറിങ് നടപടികള്‍ ജനുവരി 31 വരെ നീളും. അന്തിമ പട്ടിക ഫെബ്രുവരി ഏഴിനു പ്രസിദ്ധീകരിക്കും.

Tags: