എസ്‌ഐആര്‍ മാപ്പിങ്ങില്‍ പുറത്തായവര്‍ ഹാജരാക്കേണ്ടത് പൗരത്വ രേഖകള്‍

ബിഎല്‍ഒമാര്‍ക്കാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്

Update: 2025-12-28 11:04 GMT

തിരുവനന്തപുരം: എസ്‌ഐആറിലെ 2002ലെ വോട്ടര്‍ പട്ടികയുമായി നടത്തിയ മാപ്പിങ്ങില്‍ പുറത്താക്കപ്പെട്ടവര്‍ ഹാജരാക്കേണ്ടത് പൗരത്വ ഭേദഗതി നിയമ പ്രകാരമുള്ള രേഖകളെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടറുടേയും മാതാപിതാക്കളുടേയും ജനന സ്ഥലവും ജനന തീയതിയും ഇവര്‍ തെളിയിക്കണം. വിദേശത്ത് ജനിച്ചവര്‍ ഇന്ത്യന്‍ മിഷന്‍ നല്‍കുന്ന ജനന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഇന്ത്യന്‍ പൗരത്വ നിയമ പ്രകാരമുള്ള രേഖകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെടുന്നത്.

2002ലെ വോട്ടര്‍ പട്ടികയുമായി മാപ്പ് ചെയ്യാന്‍ കഴിയാത്ത 19 ലക്ഷം പേരാണ് ഹിയറിങ്ങിന് ഹാജരാകേണ്ടത്. പൗരത്വ ഭേദഗതി നിയമത്തിലെ തീയതികള്‍ പ്രകാരം വോട്ടറുടെ പ്രായം അടസ്ഥാനമാക്കി വ്യത്യസ്ത രേഖകളാണ് ഹാജരാക്കേണ്ടി വരുക. 2002ലെ വോട്ടര്‍ പട്ടികയില്‍ മാതാപിതാക്കളുടേയോ അവരുടെ മാതാപിതാക്കളുടേയോ പേരുള്ളവര്‍ക്കു മാത്രമാണ് നിലവില്‍ എസ്‌ഐആറില്‍ ഉള്‍പ്പെടാനായത്. അവശേഷിക്കുന്നവരെല്ലാം ഇനി തിരിച്ചറിയല്‍ രേഖ ഹാജരാക്കി സ്വയം യോഗ്യത തെളിയിക്കണം. ഇതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചിരിക്കുന്നത് പൗരത്വത്തിന് മാനദണ്ഡമാക്കുന്ന രേഖകള്‍ തന്നെ. മൂന്ന് വിഭാഗമായാണ് പൗരത്വ രേഖകളെ തരം തിരിച്ചിരിക്കുന്നത്.

1987 ജൂലൈ ഒന്നിനു മുന്‍പ് ഇന്ത്യയില്‍ ജനിച്ചവര്‍. ഇവര്‍ സ്വന്തം ജനന തീയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖ മാത്രം ഹാജരാക്കിയാല്‍ മതി. ഇതിനു ശേഷം 2004 ഡിസംബര്‍ രണ്ടു വരെ ജനിച്ചവര്‍ സ്വന്തം ജനന രേഖയും ഒപ്പം, മാതാപിതാക്കളില്‍ ആരുടേയെങ്കിലും ഒരാളുടെ ജനന രേഖയും ഹാജരാക്കണം. ഹിയറിങ് നടപടികള്‍ തുടങ്ങുന്നതിനു മുന്നോടിയായി വിളിച്ച ഇആര്‍ഒ അഥവാ ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെ യോഗത്തിലാണ് ഹാജരാക്കേണ്ട രേഖകളെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തത വരുത്തിയത്. ഈ മാനദണ്ഡങ്ങള്‍ രേഖപ്പെടുത്തിയ കുറിപ്പും ഹിയറിങ് നോട്ടീസിനൊപ്പം വോട്ടര്‍ക്ക് നല്‍കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ 13 രേഖകളുടെ പട്ടികയില്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയിലാണ് ജനന സ്ഥലം രേഖപെടുത്തിയിരുക്കുന്നത്.

Tags: