കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റതില്‍ പ്രതിഷേധിച്ച് ജില്ലയിലെ അത്യാഹിത വിഭാഗത്തില്‍ ഒഴികെയുള്ള ഡോക്ടര്‍മാര്‍ നാളെ പണിമുടക്കും. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടറായിരുന്ന വന്ദനാ ദാസിനെ കൊലപ്പെടുത്തിയതിന് പിന്നാലെ നല്‍കിയ വാഗ്ദാനങ്ങളൊന്നും സര്‍ക്കാര്‍ പാലിച്ചില്ലെന്ന് കെജിഎംഒഎ സംസ്ഥാന അധ്യക്ഷന്‍ ഡോ പി കെ സുനില്‍ പറഞ്ഞു. വിമുക്ത ഭടന്‍മാരെയാണ് സെക്യൂരിറ്റി പോസ്റ്റില്‍ നിയമിക്കേണ്ടത് എന്നാല്‍ പ്രായംചെന്ന മനുഷ്യന്മാരെയാണ് സെക്യൂരിറ്റിയായി നിയമിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
''ആശുപത്രികളില്‍ സിഎസ്എഫിന് സമാനമായ സേനയെ വിന്യസിക്കുമെന്നും എല്ലാ ആശുപത്രികളിലും പോലിസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്തുകൊണ്ട് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ ഉറപ്പ് പാലിക്കപ്പെടാതെ പോകുന്നു എന്ന ചോദ്യം നിലനില്‍ക്കുകയാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതൊക്കെ തീരുമാനിച്ചത്. എന്നാല്‍ നാളിതുവരെ ആയിട്ടും ഇതൊന്നും നടപ്പിലാക്കിയില്ല. ഇതിന്റെ പ്രതിഷേധ സൂചകമായി നാളെ കോഴിക്കോട് ജില്ലയിലെ എല്ലാ ഡോക്ടര്‍മാരും പണിമുടക്കും. സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്ത് പണിമുടക്ക് സംസ്ഥാന തലത്തിലാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും.''- ഡോ പി കെ സുനില്‍ വ്യക്തമാക്കി.
