രോഗികള്‍ക്ക് വായിക്കാവുന്ന രീതിയില്‍ ഡോക്ടര്‍മാര്‍ മരുന്ന് കുറിപ്പടി എഴുതണം: പഞ്ചാബ്-ഹരിയാന ഹൈക്കോടതി
ഛണ്ഡീഗഡ്: രോഗികള്‍ക്ക് വായിക്കാവുന്ന രീതിയില്‍ ഡോക്ടര്‍മാര്‍ മരുന്നു കുറിപ്പടി എഴുതണമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. വ്യക്തമായ മെഡിക്കല്‍ കുറിപ്പടിയും രോഗനിര്‍ണയവും ആരോഗ്യത്തിനുള്ള അവകാശത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അതിനാല്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം മൗലികാവകാശമാണെന്നും ജസ്റ്റിസ് ജുസ്ഗുര്‍പ്രീത് സിംഗ് പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള മെഡിക്കല്‍ കോളജുകളിലെ പാഠ്യപദ്ധതിയില്‍ മെഡിക്കല്‍ കുറിപ്പടികള്‍ വ്യക്തമായ രീതിയില്‍ എഴുതേണ്ടതിന്റെ പ്രാധാന്യം ഉള്‍പ്പെടുത്തണം. ഇക്കാര്യത്തില്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണം. ഡോക്ടര്‍മാര്‍ കാപിറ്റല്‍ ലെറ്ററില്‍ മാത്രമേ മരുന്ന് എഴുതാവൂയെന്നും അദ്ദേഹം വിശദീകരിച്ചു.