'ഡോക്ടര്‍, എന്റെ മുടി വീണ്ടും വളരുമോ?'; ഗസയെ വരിഞ്ഞുമുറുക്കി ക്ഷാമം

Update: 2025-07-25 09:17 GMT

ഗസ: 'ഞാന്‍ ഇപ്പോഴും സുന്ദരിയാണോ?' കടുത്ത പോഷകാഹാരക്കുറവ് കാരണം അവളുടെ മുടി മുഴുവന്‍ നഷ്ടപ്പെട്ടിരുന്നു. അവള്‍ വീണ്ടും ചോദിച്ചു, 'ഡോക്ടര്‍, എന്റെ മുടി വീണ്ടും വളരുമോ?, ഒരു പെണ്‍കുട്ടിയുടെ ഈ ചോദ്യത്തിനുമുന്നില്‍ തെക്കന്‍ ഖാന്‍ യൂനിസ് ആശുപത്രിയിലെ ഡോ. വഫാ അബു നിമര്‍ ഒരു നിമിഷം പതറി. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം ഗസയിലെ സാഹചര്യം വിവരിച്ചു. പട്ടിണി മൂലം ആളുകള്‍ മരിച്ചു പോകുന്ന ഗസയിലെ അവസ്ഥ അത്രക്ക് ഭീകരമാണ്. ഇതിനോടകം തന്നെ ഇക്കാര്യം പലരും പറഞ്ഞു കഴിഞ്ഞു. ഇനിയും നോക്കി നിന്നാല്‍ ഒന്നുമറിയാത്ത ഒരു പാവം തലമുറ മണ്ണില്‍ പിടഞ്ഞുവീഴും.

നിലവില്‍ ഗസയില്‍,110-ലധികം പേര്‍ പട്ടിണി കിടന്ന് മരിച്ചതായി റിപോര്‍ട്ടുണ്ട്. അതില്‍ ഭൂരിഭാഗവും കുഞ്ഞുങ്ങളാണ്. പല അന്താരാഷ്ട്ര ഏജന്‍സികളും പറയുന്നത്, ഇസ്രായേലിന്റെ വംശഹത്യാ പദ്ധതിയുടെ ഭാഗമാണ് ഇത് എന്നാണ്. യുദ്ധായുധമായി ക്ഷാമം ഉപയോഗിക്കുകയാണ് ഇസ്രായേല്‍.

ഈ സ്ഥിതി തുടര്‍ന്നാല്‍, അടുത്ത പതിനൊന്നുമാസത്തിനുള്ളില്‍ അഞ്ചുവയസ്സിന് താഴെയുള്ള ഏകദേശം 71,000 കുട്ടികള്‍ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കേണ്ടിവരുമെന്ന് ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്റെ (ഐപിസി) റിപോര്‍ട്ട് ഉദ്ധരിച്ച് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു.

ഇസ്രായേല്‍, സഹായത്തിന്റെ പേരിലും ആളുകളെ കൊന്നൊടടുക്കുകയാണ്. പ്രതീക്ഷയോടെ ഭക്ഷണത്തിനു വേണ്ടി പാത്രം നീട്ടുന്ന പലരും മരിച്ചു വീഴുന്ന കാഴ്ചയാണ് ഗസയില്‍. ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം സഹായ വിതരണ കേന്ദ്രങ്ങള്‍ക്ക് സമീപം ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ 1,000-ത്തിലധികം ഗസ നിവാസികള്‍ കൊല്ലപ്പെട്ടു. സഹായക്കെണി എന്നാണ് പലരും ഇപ്പോള്‍ ഇസ്രായേലിന്റെ സഹായ വിതരണ കേന്ദ്രങ്ങളെ വിശേഷിപ്പിക്കുന്നത്.