നിതീഷ് കുമാര്‍ നിഖാബ് വലിച്ചു താഴ്ത്തിയ ഡോക്ടര്‍ നുസ്രത്ത് ജോലി ഉപേക്ഷിക്കില്ല

Update: 2025-12-20 04:01 GMT

പട്‌ന: പരിപാടിക്കിടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിഖാബ് വലിച്ചു താഴ്ത്തിയതിനെ തുടര്‍ന്ന് ജോലി ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച ആയുഷ് ഡോക്ടര്‍ നുസ്രത്ത് പര്‍വീണ്‍ ജോലി ഉപേക്ഷിക്കില്ല. ഡോ. നുസ്രത്ത് പര്‍വീണ്‍ നാളെ ജോലിയില്‍ പ്രവേശിക്കുമെന്ന് സുഹൃത്ത് ബിള്‍ക്കീസ് പര്‍വീണ്‍ അറിയിച്ചു. തെറ്റായ കാര്യമാണ് സംഭവിച്ചത്. മറ്റൊരാളുടെ ശരീരത്തില്‍ നേരിട്ടോ അല്ലാതെയോ തൊടാന്‍ ആര്‍ക്കും അവകാശമില്ല. വിഡിയോയില്‍ കാണുന്നതു പോലെ നുസ്രത്ത് എല്ലായ്‌പോഴും പര്‍ദയാണ് ഉപയോഗിക്കുന്നതെന്നും ബിള്‍ക്കീസ് പര്‍വീണ്‍ വ്യക്തമാക്കി.

പുതുതായി നിയമിതരായ ആയുഷ് ഡോക്ടര്‍മാര്‍ക്ക് നിയമന കത്തുകള്‍ നല്‍കുന്ന സര്‍ക്കാര്‍ പരിപാടിക്കിടെയാണ് ഡോക്ടര്‍ നുസ്രത്ത് പര്‍വീന്റെ നിഖാബ് മാറ്റാന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ശ്രമിച്ചത്. നിയമന ഉത്തരവ് കൈമാറാന്‍ ഡോക്ടറെ വേദിയിലേക്ക് വിളിച്ചു വരുത്തിയപ്പോഴായിരുന്നു സംഭവം. നിഖാബ് ധരിച്ച ഡോക്ടര്‍ കത്ത് വാങ്ങാന്‍ വേദിയില്‍ കയറിയപ്പോള്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അവരെ നോക്കി 'ഇത് എന്താണ്' എന്ന് ചോദിക്കുകയും അല്‍പം കുനിഞ്ഞ് നിഖാബ് പിടിച്ച് വലിക്കുകയുമായിരുന്നു.

പൊതുവേദിയില്‍ അപമാനിതയായതിനു പിന്നാലെ ഡോക്ടര്‍ നുസ്രത്ത് പര്‍വീണ്‍ ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ മാസം 20ന് ജോലിയില്‍ പ്രവേശിക്കാനുള്ള നിയമനക്കത്ത് ലഭിച്ചെങ്കിലും സര്‍വീസില്‍ ചേരുന്നില്ലെന്ന നിലപാടിലാണ് യുവതിയെന്നാണ് സഹോദരന്‍ മാധ്യമങ്ങളോട് അറിയിച്ചത്. നിതീഷ് കുമാറിന്റെ മാനസിക നില തെറ്റിയതിന്റെ ഏറ്റവും പുതിയ തെളിവാണ് സംഭവമെന്ന് പ്രതിപക്ഷം ആരോപിച്ചു.