ഞങ്ങളെടുത്ത കുത്തിവയ്പ്പ് മരണത്തിന് കാരണമാകില്ലെന്ന് മമല്‍ ആശുപത്രിയിലെ ഡോക്ടര്‍
രണ്ടര വയസുകാരി മരിച്ചത് ചികില്‍സാപിഴവ് മൂലമെന്ന ആരോപണം തള്ളി മമല്‍ ആശുപത്രി
തിരുവനന്തപുരം: രണ്ടര വയസുകാരിയുടെ മരണത്തില്‍ ചികില്‍സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് മമല്‍ ആശുപത്രിയിലെ ഡോക്ടര്‍ അരുണ്‍ വാരിയര്‍. ഇഞ്ചക്ഷന്‍ മൂലമല്ല കുട്ടിയുടെ ആരോഗ്യനില വഷളായതെന്ന് ഡോക്ടര്‍ പറഞ്ഞു. ശ്വാസതടസം നേരിട്ട കുഞ്ഞിന് കുത്തിവയ്പ്പ് എടുത്തതിന് പിന്നാലെ കുഞ്ഞ് ബോധരഹിതയായെന്നും മരിച്ചെന്നുമാണ് കുടുംബത്തിന്റെ ആരോപണം. എന്നാല്‍ ആശുപത്രിയിലെത്തിക്കുമ്പോള്‍ തന്നെ കുട്ടിക്ക് കടുത്ത ശ്വാസതടസം ഉണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കുട്ടിക്ക് അഡ്രിനാലിന്‍ നല്‍കി. നെയ്യാര്‍ മെഡിസിറ്റിയില്‍ എത്തിച്ചപ്പോള്‍ കുട്ടിക്ക് നേരിയ പള്‍സ് ഉണ്ടായിരുന്നതായും ഡോക്ടര്‍ പറഞ്ഞു. നെബുലൈസേഷന്‍, അഡ്രിനാലിന്‍ കുത്തിവയ്പ്പുകളാണ് എടുത്തതെന്നും ഇത് ഒരിക്കലും മരണകാരണമാകില്ലെന്നുമാണ് ആശുപത്രിയുടെ വിശദീകരണം. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ ശ്വാസതടസം മൂലം കുഞ്ഞ് അവശയായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഐഷാ ഫാത്തിമയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടക്കും. നെയ്യാര്‍ മെഡിസിറ്റിയില്‍ നിന്ന് മൃതദേഹം മെഡിക്കല്‍ കോളേജില്‍ എത്തിക്കും. കുഞ്ഞിന് എന്താണ് സംഭവിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നാലേ വ്യക്തമാകൂ. തിരുവനന്തപുരം ചക്കിപ്പാറ സ്വദേശി സിദ്ദിഖിന്റെ മകള്‍ രണ്ടരവയസുള്ള ഐഷാ ഫാത്തിമയാണ് മരിച്ചത്. സംഭവത്തില്‍ കാട്ടാക്കടയിലെ മമല്‍ ആശുപത്രിക്കെതിരേ മാതാപിതാക്കള്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം, മമല്‍ ആശുപത്രിയില്‍ ഉണ്ടായ ചികില്‍സാ പിഴവാണ് മരണകാരണമെന്ന് ആവര്‍ത്തിക്കുകയാണ് കുട്ടിയുടെ കുടുംബം.
കുട്ടിക്ക് കുറച്ച് ദിവസമായി കണ്ണിന് ചെറിയ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പനിയും ശ്വാസതടസവുമുണ്ടായപ്പോഴാണ് ഇന്നലെ കാട്ടാക്കട മമല്‍ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിച്ചത്.. ശ്വാസ തടസത്തിന് ആവി പിടിച്ചശേഷം കുട്ടിക്ക് രണ്ട് ഇഞ്ചക്ഷന്‍ എടുത്തു. കുത്തിവയ്പ്പ് എടുത്തയുടന്‍ കുഞ്ഞ് ബോധരഹിതയായെന്നും നെയ്യാര്‍ മെഡിസിറ്റിയില്‍ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചെന്നുമാണ് കുടുംബത്തിന്റെ പരാതി. കുട്ടിയെ ആംബുലന്‍സില്‍ ഉടന്‍ നെയ്യാര്‍ മെഡിസിറ്റിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ ഈ വിവരം പോലും തങ്ങളില്‍ നിന്ന് മറച്ചുവച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
കുഞ്ഞിന്റെ ബന്ധുക്കളെ ഈ ആംബുലന്‍സില്‍ കയറ്റിയില്ലെന്നും ആരോപണമുണ്ട്. കുഞ്ഞ് മെഡിസിറ്റിയില്‍ എത്തുന്നതിന് അരമണിക്കൂര്‍ മുന്‍പ് മരിച്ചെന്നാണ് നെയ്യാര്‍ മെഡിസിറ്റി അധികൃതര്‍ തങ്ങളെ അറിയിച്ചതെന്നും കുടുംബം പറഞ്ഞു. രണ്ട് കൈയിലും കുത്തിവയ്പ്പ് എടുത്തയുടന്‍ തന്നെ കുഞ്ഞ് ശ്വാസമെടുക്കാനാകാതെ പിടഞ്ഞെന്നും ചുണ്ടുകള്‍ കോടിയതായി തോന്നിയെന്നുമാണ് പിതാവ് പറഞ്ഞത്. അസ്വാഭാവിക മരണത്തിനാണ് ആര്യനാട് പോലിസ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് വന്നാലേ സംഭവിച്ചതെന്തെന്ന് വ്യക്തമാകൂ.

