പരീക്ഷയില്‍ ജയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി മെഡിക്കല്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍
ചെന്നൈ: പരീക്ഷയില്‍ ജയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി മെഡിക്കല്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍ അറസ്റ്റില്‍. നീലഗിരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ ഡോ. ഓം പ്രകാശിനെയാണ് ഊട്ടി വനിതാ പോലിസ് അറസ്റ്റ് ചെയ്തത്. പരീക്ഷ ജയിക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായാണ് പരാതി.
സര്‍വകലാശാല അധികൃതരില്‍ സ്വാധീനം ചെലുത്തി പരീക്ഷാ ഫലത്തില്‍ വിദ്യാര്‍ഥിനിക്ക് ഉയര്‍ന്ന മാര്‍ക്ക് വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു പീഡനം. ഒരു സ്വകാര്യ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മദ്യം നല്‍കിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഹോട്ടല്‍ മുറിക്കുള്ളില്‍ വിദ്യാര്‍ഥിനിയും ഡോക്ടറും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കം ഉണ്ടായതോടെയാണ് സംഭവം പുറത്തറിയുന്നത്. ബഹളം കേട്ട ഹോട്ടല്‍ ജീവനക്കാര്‍ പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പോലിസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പീഡനം നടന്നതായി ബോധ്യപ്പെട്ടതോടെ ഡോക്ടറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി ഇതിനു മുന്‍പും സമാനമായ രീതിയില്‍ മറ്റ് വിദ്യാര്‍ഥിനികളെ ചതിയില്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് പോലിസ് അന്വേഷിച്ചുവരികയാണ്. അറസ്റ്റിലായ ഓം പ്രകാശ് രണ്ടുതവണ വിവാഹിതനാണെന്നും എന്നാല്‍ ഒറ്റയ്ക്കാണ് താമസമെന്നും പോലിസ് പറഞ്ഞു. പ്രതിക്കെതിരേ പീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു.