പച്ചമാംസമോ പകുതി വേവിച്ച മാംസമോ കഴിക്കരുത്; കര്‍ശന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

Update: 2025-12-24 05:42 GMT

ആലപ്പുഴ: കോട്ടയം ജില്ലകളിലെ ചില ഭാഗങ്ങളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് കര്‍ശന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പക്ഷികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍, ഫാമുകളില്‍ ജോലി ചെയ്യുന്നവര്‍, പച്ചമാംസം കൈകാര്യം ചെയ്യുന്നവര്‍ എന്നിവര്‍ നിര്‍ബന്ധമായും മാസ്‌കും കൈയുറകളും ധരിക്കേണ്ടതാണ്.പക്ഷിപ്പനി ഇതുവരെ കേരളത്തില്‍ മനുഷ്യരെ ബാധിച്ചിട്ടില്ലെങ്കിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശമുണ്ട്.

പക്ഷിപ്പനി ബാധിച്ച പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരാന്‍ സാധ്യതയുള്ളതിനാല്‍ തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കായി മാംസം കൈകാര്യം ചെയ്യുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. പക്ഷികളുടെ പച്ചമാംസമോ പകുതി വേവിച്ച മാംസമോ ഒരു കാരണവശാലും കഴിക്കരുത്. ഇറച്ചിയും മുട്ടയും ഉയര്‍ന്ന താപനിലയില്‍ നന്നായി വേവിച്ചു മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. പകുതി പുഴുങ്ങിയ മുട്ടകള്‍ ഒഴിവാക്കേണ്ടത് രോഗപ്രതിരോധത്തിന് അത്യാവശ്യമാണ്.

രോഗവ്യാപനം തടയാന്‍ സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കുകയും ചെയ്തു.

Tags: