ചത്ത പാമ്പുകള്‍ കടിക്കുമോ?; വിശദീകരണവുമായി മെഡിക്കല്‍ ഗവേഷകന്‍ ഡോ. സദാനന്ദ നായിക്
മൂഡ്ബിദ്രി: ചത്ത പാമ്പുകള്‍ കടിക്കുമോ?, ഇല്ല എന്നായിരിക്കും ഉത്തരം അല്ലേ, എന്നാല്‍ അത് തീര്‍ത്തും തെറ്റാണെന്നു പറയുകയാണ് മൂഡ്ബിദ്രിയിലെ ആല്‍വാസ് ഹെല്‍ത്ത് സെന്ററിലെ മുതിര്‍ന്ന ക്ലിനീഷ്യനും മെഡിക്കല്‍ ഗവേഷകനുമായ ഡോ. സദാനന്ദ നായിക്. ചത്ത പാമ്പുകള്‍ക്ക് പിന്നിലെ മറഞ്ഞിരിക്കുന്ന അപകടത്തെക്കുറിച്ച് വിശദീകരിക്കുകയാണ് അദ്ദേഹം.
പ്രശസ്ത അന്താരാഷ്ട്ര മെഡിക്കല്‍ ജേണലായ ട്രാന്‍സാക്ഷന്‍സ് ഓഫ് റോയല്‍ സൊസൈറ്റി ട്രോപ്പ് മെഡ് ഹൈഗില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ചത്തതോ തലയറ്റതോ ആയ പാമ്പുകള്‍ ഉയര്‍ത്തുന്ന ഗുരുതരമായ അപകടസാധ്യതയെക്കുറിച്ച് ഡോ. നായിക് ചൂണ്ടിക്കാണിച്ചത്. എന്‍വെനോമേഷന്‍ ബൈ ഡെഡ് സ്‌നേക്‌സ്: എ റിവ്യൂ എന്ന അദ്ദേഹത്തിന്റെ പഠനം, ഒരു പാമ്പിന്റെ മരണശേഷം വിഷം മണിക്കൂറുകളോ ദിവസങ്ങളോ പോലും സജീവമായി തുടരുമെന്ന് വിശദീകരിക്കുന്നു.
ഫോട്ടോ: ഡോ. സദാനന്ദ നായിക്
പാമ്പിന്റെ തലയിലെയും കഴുത്തിലെയും ഞരമ്പുകള്‍ മരണശേഷം പിന്നെയും കുറച്ചുമണിക്കൂറുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുമെന്നും അതുവഴി അതിന് മറ്റുള്ളവരെ കടിക്കാന്‍ സാധിക്കുമെന്നും ലേഖനം വിശദീകരിക്കുന്നു. അതായത്, ഒരു ജീവനില്ലാത്ത പാമ്പിന് പോലും, മറ്റൊരു ജീവനെ കൊല്ലാം.
പലപ്പോഴും ആളുകള്‍ക്ക് ചത്ത പാമ്പുകളെ കൈകാര്യം ചെയ്യുമ്പോള്‍ അവയില്‍ നിന്നു കടിയേല്‍ക്കുന്നുണ്ട്, പല കേസിലും ആളുകള്‍ക്ക് അതിനെ കുറിച്ച് വിവരമില്ലാത്തതിനാല്‍ ആശുപത്രിയില്‍ എത്താന്‍ വൈകുകയും ചെയ്യുന്നു. പിന്നീട് ഇവര്‍ക്ക് അന്റിവനം ചികില്‍സയും മറ്റ് അടിയന്തിര പരിചരണവും ആവശ്യമായി വന്നിട്ടുണ്ടെന്നും ലോകമെമ്പാടുമുള്ള നിരവധി കേസുകളെ ഉദ്ധരിച്ചുകൊണ്ട് ലേഖനം ചൂണ്ടിക്കാട്ടുന്നു.
'പ്രത്യേകിച്ച് ആളുകള്‍ ചത്ത പാമ്പിന്റെ തലയില്‍ തൊടുമ്പോഴോ, ഫോട്ടോ എടുക്കാന്‍ ശ്രമിക്കുമ്പോഴോ, പാമ്പിന്റെ മുറിഞ്ഞ തല കയ്യിലെടുക്കുമ്പോഴോ കടിയേല്‍ക്കുക സാധാരണമാണ്,' ഡോ. നായിക് പറഞ്ഞു. പലര്‍ക്കും, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് ഈ അപകടസാധ്യതയെക്കുറിച്ച് അറിയില്ല, അവര്‍ ചത്ത പാമ്പുകളെ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷകര്‍, ഗ്രാമവാസികള്‍, പാമ്പുകള്‍ക്ക് കൂടുതലുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എന്നിവര്‍ ചത്ത പാമ്പുകളെ വെറും കൈകള്‍ കൊണ്ട് തൊടുകയോ കൈകാര്യം ചെയ്യുകയോ ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഡോ. നായിക് പറയുന്നു. അപകടസാധ്യതകള്‍ മനസിലാക്കി ശരിയായ സുരക്ഷാ നടപടികള്‍ സ്വീകരിക്കാനാവശ്യമായ ബോധവല്‍ക്കരണശ്രമങ്ങള്‍ നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

