വാട്സ്ആപ്പ് ചാറ്റുകളിലെ ക്രൂരത അടിസ്ഥാനമാക്കിയുള്ള വിവാഹമോചനം അനുവദിക്കാന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി

Update: 2026-03-04 09:07 GMT

മുംബൈ: വാട്സ്ആപ്പ് ചാറ്റുകളെ അടിസ്ഥാനമാക്കിയുള്ള വിവാഹമോചനം അനുവദിക്കാന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി.വാട്സ്ആപ്പ് ചാറ്റുകളിലെ ക്രൂരത അടിസ്ഥാനമാക്കിയല്ല വിവാഹമോചനം നല്‍കേണ്ടതെന്നും ഭാര്യയ്ക്ക് പറയാനുള്ള അവസരം നല്‍കണമെന്നും കോടതി വ്യക്തമാക്കി. നാസിക്ക് സ്വദേശിയായ ഭര്‍ത്താവിന്റെ ഹരജി തള്ളികൊണ്ടാണ് കോടതി നിരീക്ഷണം.

ഭാര്യയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് സമര്‍പ്പിച്ച അപേക്ഷ അനുവദിച്ചുകൊണ്ട് നാസിക് ജില്ലാ കുടുംബ കോടതി പുറപ്പെടുവിച്ച ഉത്തരവ് ജസ്റ്റിസുമാരായ ഭാരതി ഡാങ്രെ, മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കി.കുടുംബ കോടതി ഉത്തരവ് ഏകപക്ഷീയമായി പാസാക്കിയതാണെന്നും തന്റെ വാദങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കാതെയാണ് വിധി പുറപ്പെടുവിച്ചതെന്നും ചൂണ്ടിക്കാട്ടി സ്ത്രീ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു

ഭാര്യ വാട്സ്ആപ്പ് ചാറ്റില്‍ സമ്മര്‍ദ്ദം, ബ്ലാക്ക്മെയില്‍, അശ്ലീല ഭാഷ എന്നിവ ഉപയോഗിച്ചതായും ഭര്‍ത്താവിനെതിരെ ക്രൂരത കാണിച്ചതായും അതിനാല്‍ വിവാഹമോചനത്തിന് അര്‍ഹതയുണ്ടെന്നും കുടുംബ കോടതി നിരീക്ഷിച്ചു.

എന്നാല്‍ ഭര്‍ത്താവ് സമര്‍പ്പിച്ച തെളിവുകള്‍ (വാട്ട്സ്ആപ്പ് ചാറ്റുകള്‍) തള്ളാന്‍ ഭാര്യക്ക് അവസരം നല്‍കുന്നതില്‍ കുടുംബ കോടതി പരാജയപ്പെട്ടുവെന്ന് ഹൈക്കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

Tags: