വ്യാജ മരുന്നുകളുടെ വിതരണം; സംസ്ഥാനങ്ങള്‍ക്ക് നോട്ടിസയച്ച് മനുഷ്യാവകാശ കമ്മിഷന്‍

Update: 2025-10-07 02:54 GMT

ന്യൂഡല്‍ഹി: വ്യാജ ചുമ മരുന്ന് കഴിച്ചുള്ള മരണങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് നോട്ടീസ് അയച്ചത്. വ്യാജ മരുന്നുകളുടെ വിതരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയോട് നിര്‍ദേശിക്കണമെന്ന് നോട്ടിസില്‍ ആവശ്യപ്പെടുന്നു. സംസ്ഥാനങ്ങളിലെ പ്രാദേശിക ലബോറട്ടറികളോട് മരുന്നുകളുടെ സാമ്പിളുകള്‍ പരിശോധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതിനിടെ മധ്യപ്രദേശിലെ ചുമ മരുന്ന് മരണങ്ങളില്‍ ഡ്രഗ് കണ്‍ട്രോളര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തു. ഡ്രഗ് കണ്‍ട്രോളര്‍ ദിനേശ് കുമാര്‍ മൗര്യയെ മാറ്റി. മഹാരാഷ്ട്രയും, കര്‍ണാടകയും കോള്‍ഡ്രിഫ് സിറപ്പിന്റെ ഉപയോഗം നിരോധിച്ചു. മധ്യപ്രദേശില്‍ ചുമ മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിരുന്നു. രണ്ട് ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരെയും ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഡെപ്യൂട്ടി ഡയറക്ടറെയുമാണ് മധ്യപ്രദേശ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഡ്രഗ് ഇന്‍സ്പെക്ടര്‍മാരായ ഗൗരവ് ശര്‍മ്മ(ചിന്ദ്വാര), ശരദ് കുമാര്‍ ജെയിന്‍(ജബല്‍പൂര്‍), എന്നിവര്‍ക്കും ഡെപ്യൂട്ടി ഡയറക്ടര്‍ ശോഭിത് കോസ്റ്റയ്ക്കുമാണ് സസ്‌പെന്‍ഷന്‍.

ചുമ മരുന്ന് കഴിച്ച് 14 കുട്ടികളാണ് ഇതുവരെ മരിച്ചത്. കുട്ടികളുടെ മരണം അന്വേഷിക്കാന്‍ ഞായറാഴ്ച പ്രത്യേക അന്വേഷണ സംഘം(എസ്ഐടി)രൂപീകരിച്ചു. സംഭവത്തില്‍ കോള്‍ഡ്രിഫ് ചുമ മരുന്ന് നിര്‍മാണ കമ്പനിക്കെതിരെ കേസെടുത്തു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.

Tags: