വര്‍ക്കലയില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും പതിപ്പിച്ച കുപ്പിവെള്ളം വിതരണം; നിര്‍ത്തിച്ച് റിട്ടേണിങ് ഓഫീസര്‍
തിരുവനന്തപുരം: വര്‍ക്കലയില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും പതിച്ച കുപ്പിവെള്ളം വിതരണം ചെയ്തു. റിട്ടേണിങ് ഓഫീസര്‍ ഇടപെട്ട് വിതരണം നിര്‍ത്തിവെച്ചു. വര്‍ക്കല മണ്ഡലം ബിജെപി സ്ഥാനാര്‍ഥി സ്മിത സുന്ദരേശന്റെ പേരും ചിത്രവും പതിച്ച കുപ്പിവെള്ളമായിരുന്നു വിതരണം ചെയ്തത്. വര്‍ക്കല പാപനാശം കടപ്പുറത്ത് ക്ഷേത്രോത്സവത്തിനിടെ നടന്ന ഭക്തിഗാനമേളയ്ക്കിടെയാണ് സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും പതിച്ച കുപ്പിവെള്ളം ബിജെപി പ്രവര്‍ത്തകര്‍ വിതരണം ചെയ്തത്.
ഇതിനെതിരേ എതിര്‍ സ്ഥാനാര്‍ഥികള്‍ പരാതി നല്‍കുകയായിരിന്നു. തുടര്‍ന്ന് റിട്ടേണിങ് ഓഫീസര്‍ ഇടപെട്ട് തിരഞ്ഞെടുപ്പ് ഫ്ളൈയിങ് സ്‌ക്വാഡ് സ്ഥലത്തെത്തുകയും പ്രഥമ ദൃഷ്ടിയാല്‍ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കുപ്പിവെള്ള വിതരണം നിര്‍ത്തിവെയ്ക്കുകയും ചെയ്തു. കുപ്പിവെള്ളം ഫ്‌ലയിങ് സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ തുടര്‍നടപടിയുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.