ഗസയ്ക്ക് ഐക്യദാര്‍ഢ്യം: തൊഴിലാളി പ്രക്ഷോഭത്തില്‍ സ്തംഭിച്ച് ഇറ്റലി; തുറമുഖങ്ങളും അടച്ചു

Update: 2025-09-23 13:04 GMT

റോം: ഗസയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലെ പൊതുപണിമുടക്കില്‍ ഇറ്റലി സ്തംഭിച്ചു. റെയില്‍വേയും കപ്പല്‍ഗതാഗതവും അടക്കം നിലച്ചു. സ്‌കൂള്‍ അധ്യാപകര്‍ മുതല്‍ ലോഹത്തൊഴിലാളികള്‍ വരെ പ്രക്ഷോഭത്തിന്റെ ഭാഗമായി. മിലാനിലെ സെന്‍ട്രല്‍ ട്രെയ്ന്‍ സേ്റ്റഷനില്‍ എത്തിയ പ്രക്ഷോഭകര്‍ പോലിസുമായി ഏറ്റുമുട്ടി. പുക ബോംബുകള്‍ മറ്റും എറിഞ്ഞാണ് പ്രക്ഷോഭകര്‍ എത്തിയത്. പ്രധാന തുറമുഖ നഗരങ്ങളായ ജെനോവയിലും ലിവോണയിലും ചരക്കുഗതാഗതം പൂര്‍ണമായും നിലച്ചു. ഗസയിലെ മാനുഷിക പ്രതിസന്ധി പരിഹരിക്കാന്‍ ഇറ്റാലിയന്‍ സര്‍ക്കാരും യൂറോപ്യന്‍ യൂണിയനും ഒന്നും ചെയ്യുന്നില്ലെന്ന് പ്രക്ഷോഭകര്‍ ചൂണ്ടിക്കാട്ടി.

'' ഇസ്രായേല്‍ ചെയ്യുന്ന കാര്യങ്ങള്‍ നമ്മള്‍ തടഞ്ഞില്ലെങ്കില്‍, ഇസ്രായേലുമായുള്ള വ്യാപാരം, ആയുധ വിതരണം, മറ്റെല്ലാം തടഞ്ഞില്ലെങ്കില്‍, നമുക്ക് ഒരിക്കലും ഒന്നും നേടാനാവില്ല,'-മിലാനില്‍ ഒരു മാര്‍ച്ചില്‍ പങ്കെടുത്ത സിയുബി യൂണിയന്റെ ദേശീയ സെക്രട്ടറി വാള്‍ട്ടര്‍ മൊണ്ടാഗ്‌നോളി പറഞ്ഞു. എന്നാല്‍, പ്രക്ഷോഭകരെ വിമര്‍ശിച്ച് ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ മെലനി രംഗത്തെത്തി. ഗസയില്‍ ഇറ്റലിക്ക് ഒന്നും ചെയ്യാനാവില്ലെന്ന് അവര്‍ അവകാശപ്പെട്ടു. ഇസ്രായേലിന്റെ അടുത്ത അനുയായിയാണ് മെലനി.